വെള്ളം കൊണ്ടുവരൂ; ഗുണനിലവാരം അറിയാം
മടിക്കൈ മേക്കാട്ട് മടിക്കൈ സെക്കന്റ് ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെത്തിയാൽ ആർക്കും സൗജന്യമായി കുടിവെള്ളം പരിശോധിക്കാം. ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ജല മലിനീകരണം കുറയ്ക്കാനുമായി ഹരിത കേരളം മിഷൻ ആവിഷ്കരിച്ച ജല ഗുണനിലവാര ലാബ് സ്കൂളിൽ സജീവമാണ്. 100 മില്ലി ലീറ്റർ വെള്ളമാണ് പരിശോധനയ്ക്ക് എത്തിക്കേണ്ടത്. കോളിഫോം, ആസിഡ് അടക്കം ഒമ്പത് തരം പരിശോധന ഇവിടെ നടത്തും. 2023 ആഗസ്‌ത് ഒന്നിനാണ് ലാബ് ഉദ്ഘാടനംചെയ്തത്. ഇതിനകം 130 ഓളം സാമ്പിൾ പരിശോധിക്കുകയും പ്രതിവിധി നിർദ്ദേശിക്കുകയും ചെയ്തു. ആവശ്യക്കാർക്ക് വെള്ളം ശേഖരിക്കാൻ സാമ്പിൾ ബോട്ടിൽ സൗജ്യമായി നൽകും. സ്കൂളിലെ രസതന്ത്ര ലാബിന്റെ സൗകര്യവും പ്രയോജനപ്പെടുത്തുന്നു. പ്രത്യേക പരിശീലനം ലഭിച്ച കുട്ടികളാണ് പരിശോധന നടത്തുന്നത്. നിർദ്ദേശം നൽകി ഹയർ സെക്കൻഡറി വിഭാഗത്തിലെ കെമിസ്ട്രി അധ്യാപിക ഡോ. അമ്പിളി തോമസും കൂടെയുണ്ട്. പ്രിൻസിപ്പൽ പ്രീതി ശ്രീധർ, പിടിഎ പ്രസിഡന്റ് ശശീന്ദ്രൻ മടിക്കൈ എന്നിവരുടെ പിന്തുണയും ലാബിന്റെ പ്രവർത്തനം സുഗമമാക്കുന്നു. അവധി ദിവസങ്ങളിലും ലാബ് സജീവമാണ്. Read on deshabhimani.com