നഗരത്തിലേക്ക്‌ പുതിയ അന്തേവാസികൾ



തിരുവനന്തപുരം   "ഗേറ്റ്‌ വേ ടു മലനാട്‌' എന്ന പശ്ചിമഘട്ടത്തിലെ  മലയോര മേഖലയിൽനിന്ന്‌ നഗരമധ്യത്തിലേക്ക്‌ വിരുന്നുകാരെത്തുന്നു. കർണാടകത്തിലെ ശിവമോഗ മൃഗശാലയിലെ കുറുക്കനും കഴുതപ്പുലിയും മാർഷ്‌ മുതലയും മരപ്പട്ടിയുമാണ്‌ എത്തുന്നത്‌. മൃഗശാലയിൽ കൂടുതലുള്ളതും ഒരേ വിഭാഗത്തിലുള്ളതുമായ ഇനങ്ങളെ നൽകിയാണ്‌ പുതിയതിനെ എത്തിക്കുന്നത്‌.  മുള്ളൻപന്നിയെ നൽകിയാണ്‌ ബ്രീഡിങ്‌ ജോഡികളായ മരപ്പട്ടിയെ എത്തിക്കുക. ചീങ്കണ്ണിയെ കൊടുത്ത്‌ ബ്രീഡിങ്‌ ജോഡികളായ മാർഷ്‌ മുതലയേയും റിയ (അമേരിക്കൻ ഒട്ടക പക്ഷി)യേയും സൺ കാന്വാറിനേയും നൽകി രണ്ട്‌ പെൺ കഴുതപ്പുലിയേയും ബ്രീഡിങ്‌ ജോഡികളായ കുറുക്കനേയും ആൺ കഴുതപ്പുലിയെ നൽകി പെൺകഴുതപ്പുലിയേയും എത്തിക്കും.  കേന്ദ്രമൃഗശാല അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതിനെ തുടർന്ന്‌ ശിവമോഗ മൃഗശാലയിലെ എക്സിക്യൂട്ടീവ്‌ ഡയറക്ടറും ഡോക്ടറും രണ്ടാഴ്‌ച മുമ്പ്‌  മൃഗശാല സന്ദർശിച്ചിരുന്നു. ചൊവ്വാഴ്‌ച  മൃഗശാല വെറ്ററിനറി സർജൻ നികേഷ്‌ കിരണും സൂപ്രണ്ട്‌ വി രാജേഷും മൃഗങ്ങളെ തെരഞ്ഞെടുക്കുകയും ഇവിടേക്ക്‌ എത്തിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ഈ മാസംതന്നെ മൃഗങ്ങളെ എത്തിക്കും. നാല്‌ ആണും മൂന്ന്‌ പെണ്ണും കഴുതപ്പുലികളും ഒരു പെൺ മാർഷ്‌ മുതലയും പെൺ കുറുക്കനും ആൺ മരപ്പട്ടിയുമാണ്‌ മൃഗശാലയിലുള്ളത്‌. മൃഗങ്ങളെ പാർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ പരിശോധിച്ച്‌ ഉറപ്പുവരുത്തി.  ക്വാറന്റൈൻ സൗകര്യവും ഒരുക്കും. Read on deshabhimani.com

Related News