10,000 തൊഴിലവസരങ്ങളുമായി "വിജ്ഞാന ആലപ്പുഴ'
ആലപ്പുഴ അഭ്യസ്‌തവിദ്യരായ തൊഴിൽരഹിതർക്ക് തൊഴിൽ ലഭ്യമാക്കാൻ വിപുല പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. "വിജ്ഞാന ആലപ്പുഴ'യിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനാണ് ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ കെഡിസ്‌ക്, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. വിവിധ ഡിവിഷനുകളിൽ സംഘടിപ്പിച്ച തൊഴിൽമേളകളിൽ 3500 തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചു. 250 പെയ്ഡ് പാലിയേറ്റീവ് വളന്റിയർമാരിൽ 55 പേർക്ക് ഇതിനോടകം ജോലി ലഭിച്ചു. ബ്ലോക്ക്, പഞ്ചായത്തുകളും കുടുംബശ്രീ മിഷനും പദ്ധതിയിൽ അണിചേരും. തൊഴിൽ തേടുന്നവരെയും തൊഴിൽദാതാക്കളെയും ഒരു തട്ടകത്തിൽ കൊണ്ടുവരും. ജില്ലയിൽ ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്‌റ്റത്തിൽ 1,03,442 തൊഴിലന്വേഷകർ രജിസ്‌റ്റർ ചെയ്‌തു. ഇവരെ തൊഴിലിന് പ്രാപ്തരാക്കി തൊഴിലവസരങ്ങൾ മുന്നോട്ടുവയ്‌ക്കുന്നതാണ് പദ്ധതി. വിവരശേഖരണം ഈമാസം അവസാനത്തോടെ ആരംഭിക്കും. ബ്ലോക്ക് തലത്തിൽ സമിതി രൂപീകരിച്ച് പരിശീലനം നൽകും. വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ താൽപ്പര്യവും അനുസരിച്ച് വിവിധ കാറ്റഗറികളിലായി തിരിക്കും. തൊഴിൽദാതാക്കൾ ആവശ്യപ്പെടുന്നതനുസരിച്ച് വിവരമറിയിക്കും. അപേക്ഷ നൽകണം. ബ്ലോക്ക്തല സംവിധാനം പ്രവർത്തനസജ്ജമാക്കും. നൈപുണ്യ പരിശീലനം പ്രധാനം തൊഴിലിൽ പ്രവേശിക്കാൻ ആവശ്യമായ നൈപുണ്യ പരിശീലനമാണ് പ്രധാനമായും നൽകുക. അഭിമുഖ പരിശീലനം, വ്യക്തിത്വ വികസനപരിശീലനം, ഇംഗ്ലീഷ് പരിശീലനം, സ്‌കിൽ ഗ്യാപ് ട്രെയിനിങ് എന്നിവയും ഒരുക്കും. കരിയർ ബ്രേക്ക് സംഭവിച്ചവർക്ക് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ ആവശ്യമായ നൈപുണി പരിശീലനങ്ങൾ നൽകുന്നതോടൊപ്പം വർക്ക് ഫ്രം ഹോം, വർക്ക് നിയർ സാധ്യതകൾ പരിശോധിച്ച് അതിനുള്ള സംവിധാനങ്ങളും ഒരുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെജി രാജേശ്വരി, വൈസ്‌പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, അംഗം ആർ റിയാസ്, സെക്രട്ടറി കെ ആർ ദേവദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com