രാഷ്‌ട്രീയ മേൽക്കൈ എൽഡിഎഫിന്
ചേലക്കര പരസ്യപ്രചാരണവും കൊട്ടിക്കലാശവും പൂർത്തിയായതോടെചേലക്കരയിൽ എൽഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിൽ. വലതുപക്ഷ കള്ളപ്രചാരണങ്ങൾ കാറ്റിൽ പറത്തി നാടൊന്നാകെ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിനു പിന്നിൽ അണിനിരക്കുന്നു. തിരുവില്വാമല, ചേലക്കര, വള്ളത്തോൾനഗർ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ എൽഡിഎഫ് വിജയിച്ചയിടങ്ങളാണ്. പഴയന്നൂർ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തുകളും എൽഡിഎഫ് ഭരണത്തിലാണ്. ഒമ്പതു പഞ്ചായത്തുകളിൽ ഏഴിലും എൽഡിഎഫിനാണ് ഭരണം. ഒരിടത്ത് ടോസിന്റെ ബലത്തിലും മറ്റ് രണ്ടിടത്തുമാണ് യുഡിഎഫിന് നേരിയ മേൽക്കൈ. പഴയന്നൂർ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തുകളിലായി 20 ഡിവിഷനുകളിൽ പതിനാറിലും എൽഡിഎഫാണ്. കോൺഗ്രസിന് മൂന്നും ബിജെപിക്ക് ഒരു സീറ്റും മാത്രം. ചേലക്കര, മള്ളൂർക്കര, വള്ളത്തോൾനഗർ, പാഞ്ഞാൾ, വരവൂർ, ദേശമംഗലം എന്നീ പഞ്ചായത്തുകൾ എൽഡിഎഫ് ഭരണത്തിലാണ്. പഴയന്നൂർ, കൊണ്ടാഴി പഞ്ചായത്തുകളിലും, മൂന്ന് മുന്നണിക്കും തുല്യ സീറ്റ് വന്നതിനാൽ തിരുവില്വാമലയിൽ ടോസിന്റെ ബലത്തിലാണ് യുഡിഎഫ് ഭരണമുള്ളത്. 1996ന് ശേഷം നടന്ന ഓരോ നിയമസഭാ തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിന് ഭൂരിപക്ഷം കുത്തനെ വർധിക്കുന്നു. കോൺഗ്രസിന്റെ കുത്തക തകർത്ത് 1996ൽ നടന്ന തെരഞ്ഞെടുപ്പിൽ കെ രാധാകൃഷ്‌ണൻ വിജയിച്ചത് 2056 വോട്ടിന്റെ ഭൂരിപക്ഷത്തോടെ. തുടർന്നുള്ള ഓരോ തെരഞ്ഞെടുപ്പിലും രാധാകൃഷ്‌ണന്റെ ഭൂരിപക്ഷം പതിൻമടങ്ങ് വർധിച്ചു. 2016ൽ യു ആർ പ്രദീപ് വിജയിച്ചത് 10,200 വോട്ടിന്. ഏറ്റവും ഒടുവിൽ 2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാധാകൃഷ്‌ണന്റെ ഭൂരിപക്ഷം 39,400 ആയി വർധിച്ചു. 2024 നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗമുണ്ടായിട്ടും, ചേലക്കര നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് ഭൂരിപക്ഷം നേടിയിരുന്നു. യുഡിഎഫ്, ബിജെപി പാർടികളുടെ കള്ളപ്രചാരണങ്ങൾ ജനം തള്ളുന്ന കാഴ്‌ചയാണെങ്ങും. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവർത്തനം എൽഡിഎഫിനെ വേറിട്ടതാക്കുന്നു. 122 മേഖലാ കമ്മിറ്റികളും 177 ബൂത്ത് കമ്മിറ്റികളും എണ്ണയിട്ട യന്ത്രംപോലെയാണ് പ്രവർത്തിക്കുന്നത്. Read on deshabhimani.com