ചമ്പക്കുളത്ത്‌ 
വികസനവേഗം കൂട്ടണം



മങ്കൊമ്പ് കുട്ടനാട്ടിൽ തോമസ്‌ കെ തോമസ്‌ എംഎൽഎയുടെ നേതൃത്വത്തിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തുതല പ്രവൃത്തികൾ അവലോകനംചെയ്‌തു. പ്രാദേശിക വികസനം ലക്ഷ്യമാക്കി സർക്കാർ നിരവധി പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കുന്നതെന്ന്‌ എംഎൽഎ പറഞ്ഞു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന് പ്രത്യേക പരിഗണനയാണ്‌. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയെങ്കിലേ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടൂ. സാങ്കേതികത്വങ്ങളും അഭിപ്രായവ്യത്യാസങ്ങളും മുതലെടുത്ത് സർക്കാരിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കാമെന്ന് കരുതേണ്ടെന്ന് എംഎൽഎ പറഞ്ഞു.    പ്രവൃത്തികൾ നടപ്പാക്കാതെ ജനപ്രതിനിധികളെയും സർക്കാരിനെയും പൊതുജനമധ്യത്തിൽ അപഹാസ്യരാക്കാൻ അനുവദിക്കില്ല. ഉദ്യോഗസ്ഥർ തമ്മിലെ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതാക്കാൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമങ്ങൾ പാളിയതോടെയാണ് ജില്ലാ – -ബ്ലോക്ക് -–- ഗ്രാമ പഞ്ചായത്ത് എൻജിനിയറിങ്‌ വിഭാഗം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് എംഎൽഎ യോഗം വിളിച്ചുചേർത്തത്.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജിൻസി ജോളി, സന്തോഷ് മാത്യു, ചമ്പക്കുളം ബ്ലോക്ക് ഡെവലപ്മെന്റ്‌ ഓഫീസർ സാജു പത്രോസ്, ജില്ലാ പഞ്ചായത്ത് എക്‌സി. എൻജിനിയർ ജിജി തോമസ്, എംഎൽഎ ഓഫീസ് ഇൻ ചാർജ്‌ റോചാ സി മാത്യു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News