അവകാശപ്പോരാട്ടങ്ങളിൽ 
ജ്വലിക്കുന്ന ഏട്‌

വാഴമുട്ടത്തെ പൊലീസ്‌ വെടിവയ്‌പ്പിനെക്കുറിച്ച്‌ ദേശാഭിമാനി നൽകിയ വാർത്ത


തിരുവനന്തപുരം കയർ തൊഴിലാളികളുടെ ഉജ്വല സമരപോരാട്ടം നടന്ന നാടാണ്‌ തിരുവനന്തപുരം. വാഴമുട്ടം അമ്മു എന്ന തൊഴിലാളി പൊലീസിന്റെ വെടിയേറ്റ്‌ ധീരരക്തസാക്ഷിത്വം വരിച്ച നാട്ടിലാണ്‌ ഇത്തവണ സിപിഐ എം ജില്ലാ സമ്മേളനം.  1972 മെയ് മൂന്നിനാണ്‌ തിരുവനന്തപുരത്ത്‌ കയറുപിരിത്തൊഴിലാളികളുടെ സമരം നടന്നത്‌. അവകാശ സമരങ്ങൾക്കെതിരെ പൊലീസ് വെടിയുതിർത്തു. വാഴമുട്ടം സ്വദേശി അമ്മു രക്തസാക്ഷിയായി. നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു.  കയർത്തൊഴിലാളികൾക്ക്‌ മാത്രമല്ല, കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും അവകാശസമര പോരാട്ടങ്ങൾക്ക് ആവേശം പകർന്ന പോരാട്ടമായി ഈ സമരം മാറി.  തിരുവല്ലം, വാഴമുട്ടം, കോവളം, പൊഴിയൂർ തുടങ്ങിയ മേഖലകളിൽ ധാരാളം കയർത്തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആദ്യകാലത്ത് ഇവരെ യൂണിയന്റെ കീഴിൽ സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ആനത്തലവട്ടം ആനന്ദൻ ട്രാവൻകൂർ കയർത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റശേഷമാണ് ഇവരെയെല്ലാം യൂണിയനുകീഴിൽ അണിനിരത്തിയത്‌.   ചിറയിൻകീഴ്, കണിയാപുരം, വർക്കല മേഖലകളിൽ 20–-25ൽ അധികം റാട്ടുള്ള വൻകിട ഉൽപ്പാദകരുടെ കീഴിലാണ് പതിനായിരക്കണക്കിന് കയർത്തൊഴിലാളികൾ പണിയെടുത്തിരുന്നത്. ഇവരെ ചൂഷണം ചെയ്യുന്നതിൽ മുതലാളിമാർ പരസ്പരം മത്സരിച്ചു. കണിയാപുരംവരെയുള്ള മേഖലയിൽ സമരത്തിലൂടെ കയർത്തൊഴിലാളികൾ രണ്ടു രൂപ 40 പൈസ കൂലി നേടിയെടുത്തു.  എന്നാൽ, കോവളം മേഖലയിൽ ഒരു രൂപ 37 പൈസയാണ്‌ ലഭിച്ചിരുന്നത്. കോവളം മുപ്പിരി മേഖലയിലെ ചൂഷണത്തിന് അറുതിവരുത്താൻ യൂണിയൻ നേതൃത്വത്തിൽ മുതലാളിമാരിൽനിന്ന്‌ തൊണ്ട് പിടിച്ചെടുക്കാൻ തീരുമാനിച്ചു. മെഷീനിൽ തല്ലാൻ കൊണ്ടുപോയ തൊണ്ട്‌ നിറച്ച വള്ളം തടഞ്ഞ്‌ നിശ്ചിതവിലയ്ക്ക്‌ നൽകണമെന്ന് ആവശ്യപ്പെട്ടു.  മുതലാളിയെ സഹായിക്കാനെത്തിയ പൊലീസുകാർ  മുന്നറിയിപ്പുനൽകാതെ 19 റൗണ്ട് വെടിവച്ചു. തൊഴിലാളിയായ അമ്മു വെടിയേറ്റ് തൽക്ഷണം മരിച്ചു. തെങ്ങുകൾക്കിടയിൽ മറഞ്ഞാണ്‌ പലരും രക്ഷപ്പെട്ടത്.  വിവരമറിഞ്ഞ്‌ നാടാകെ ഇളകി. അമ്മുവിന്റെ മൃതശരീരം പോസ്റ്റുമോർട്ടത്തിന്‌ വിട്ടുകൊടുക്കാൻ വിസമ്മതിച്ചു.  വീണ്ടും വെടിവയ്‌പ്‌ നടന്നേക്കുമെന്ന സാഹചര്യം ഉണ്ടായപ്പോൾ അന്നത്തെ ഇടത് ഏകോപന സമിതി കൺവീനർ അഴീക്കോടൻ രാഘവൻ സ്ഥലത്തെത്തി തൊഴിലാളികളെ അനുനയിപ്പിച്ച്  മൃതദേഹം വിട്ടുകൊടുക്കുകയായിരുന്നു. പിറ്റേദിവസംമുതൽ ആ പ്രദേശത്തും മറ്റു നിരവധി സ്ഥലത്തും നിരവധി പ്രതിഷേധ സമരങ്ങൾ നടന്നു.   Read on deshabhimani.com

Related News