വാചാലം ഈ ദക്ഷിണ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ ടി കെ രാജേന്ദ്രൻ മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ സദാനന്ദന് സമ്പാദ്യക്കുടുക്ക കൈമാറുന്നു


ചെങ്ങന്നൂർ വയനാടിന്റെ കണ്ണീരൊപ്പാൻ രാജേന്ദ്രൻ സമ്മാനിച്ച നാണയത്തുട്ടുകൾ വാചാലമാണ്‌. ഭിന്നശേഷിക്കാരനും കാരയ്‌ക്കാട് പട്ടങ്ങാട് ദേവീക്ഷേത്ര ശ്രീകാര്യം ജീവനക്കാരനുമായ കരുണാനിവാസിൽ ടി കെ രാജേന്ദ്രനാണ്‌ ദുരിതത്തിനിടയിലും ദുരന്തബാധിതർക്കായി കരളലിയും സംഭാവന നൽകിയത്‌. പലപ്പോഴായി ദക്ഷിണയായി ലഭിച്ച നാണയത്തുട്ടുകൾ സ്വരുക്കൂട്ടിയ സമ്പാദ്യക്കുടുക്കയാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്‌. മുളക്കുഴ പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റ്‌ കെ കെ സദാനന്ദന് തുക കൈമാറി.  ജന്മനാ സംസാര–-കേൾവി ശേഷിയില്ലാത്ത ഇദ്ദേഹം ചെറുപ്പംമുതൽ തയ്യൽ ജോലിയാണ്‌ ചെയ്‌തത്‌. അനാരോഗ്യംമൂലം ജോലി തുടരാനായില്ല. തുടർന്നാണ്‌ വീടിന്‌ സമീപത്തെ ക്ഷേത്രത്തിലെ ശ്രീകാര്യം ജീവനക്കാരനായത്. ക്ഷേത്രത്തിലെത്തുന്നവർ നൽകിയ നാണയത്തുട്ടുകൾ മൺകുടുക്കയിൽ ഇട്ടുവച്ച ഏക സമ്പാദ്യമാണ് വയനാടിനായി നീക്കിവച്ചത്‌. ഭാര്യ വിമല തൊഴിലുറപ്പ് തൊഴിലാളിയാണ്.   സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും തങ്ങളാൽ കഴിയുന്ന സഹായം വയനാടിന് നൽകണമെന്നുള്ള ആഗ്രഹമാണ്‌ സഫലമാക്കിയത്‌. സാമൂഹ്യപ്രവർത്തകൻ മുരളീ മോഹൻ, കുടുംബശ്രീ പ്രവർത്തക ആർ സുജാത എന്നിവരോടൊപ്പം പഞ്ചായത്തിലെത്തിയ രാജേന്ദ്രനെയും വിമലയെയും കെ കെ സദാനന്ദൻ, സ്ഥിരംസമിതി അധ്യക്ഷൻ കെ പി പ്രദീപ്, സെക്രട്ടറി ടി വി ജയൻ എന്നിവർ അനുമോദിച്ചു. Read on deshabhimani.com

Related News