വഴിയൊരുങ്ങുന്നു, ഹോളിവുഡിന് കാസർകോട്ടേക്ക്
കാസർകോട് സുരങ്കങ്ങൾ ഉൾപ്പെടെയുള്ള കാസർകോട്ടെ നിഗൂഢ വഴികളെ സിനിമയിലെടുത്താലോ. ആ വഴികൾതിരഞ്ഞ് ഹോളിവുഡ് സംഗീത സംവിധായകൻ തന്നെയെത്തിയാലോ. ഹോളിവുഡ് സംഗീതജ്ഞൻ ഇവാൻ ഇവാൻസ് മലയാളസിനിമയ്‌ക്ക് സംഗീതമൊരുക്കുന്നതിനപ്പുറം പിന്നണിയിലുള്ള മിക്കവരും കാസർകോട് ജില്ലക്കാർ. ജില്ലയുടെ നാട്ടുഭംഗിയും നിഗൂഢതയും ക്യാമറയിലാകുമ്പോൾ ‘വഴിയെ’ മികച്ച ഹൊറർ ചിത്രമാകുമെന്ന് സംവിധായകൻ നിർമൽ ബേബി വർഗീസ് പറഞ്ഞു. കരിമ്പാറക്കെട്ടുകളും സുരങ്കങ്ങളും കല്ലുവെട്ടുകുഴികളും സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പുഴകളൊഴുകുന്ന ജില്ലയിലെ എല്ലാ നദികളും സിനിമയിലുണ്ടാകും.‘വഴിയെ' ഒരു പരീക്ഷണചിത്രമാണ്. മലയാളത്തിൽ ആദ്യമായി ഫൗണ്ട് ഫൂട്ടേജ് സംവിധാനം ഉപയോഗപ്പെടുത്തി പുറത്തിറക്കുന്ന ചിത്രമാണിത്. അജ്ഞാതവും നിഗൂഢവുമായ ഒരുപ്രദേശത്തെക്കുറിച്ച് ഡോക്യുമെന്ററി ചിത്രം എടുക്കാനൊരുങ്ങുന്ന രണ്ടു യൂട്യൂബ് വ്ലോഗേഴ്സിന്റെ അനുഭവങ്ങളും അവർ നേരിടുന്ന അപകടങ്ങളുമാണ് ചിത്രം പറയുന്നത്. കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ ആണ് ചിത്രം നിർമിക്കുന്നത്. മിഥുൻ ഇരവിൽ, ഷോബിൻ ഫ്രാൻസിസ്, കിരൺ കാമ്പ്രത്ത്, എന്നിവർ ചേർന്നാണ് ഛായാഗ്രഹണം. ജെഫിൻ ജോസഫ്, അശ്വതി അനിൽകുമാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വാർ ഫ്ലവർസ്, ഗെയിം ഓഫ് അസ്സാസിൻസ്, ട്രിപ്പ് ഫാൾ തുടങ്ങി എൺപതിലേറെ ഹോളിവുഡ് സിനിമകൾക്ക് സംഗീതമൊരുക്കിയ ഇദ്ദേഹത്തിന്റെ ആദ്യ ഇന്ത്യൻ സിനിമയാണിത്. ഇന്ത്യൻ സിനിമകളിൽ പരിചിതമല്ലാത്ത ഫൗണ്ട് ഫുട്ടേജ് രീതിയിൽ പൂർണമായും കഥപറയുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വി നിഷാദ്, അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ തുടങ്ങിയവരാണ് മറ്റ് ടീമംഗങ്ങൾ. Read on deshabhimani.com