ഐഎസ്എല്ലിൽ താരങ്ങളെ കൈപിടിക്കാൻ ചൂരൽമല കുട്ടികൾ
കൽപ്പറ്റ ഇന്ത്യൻ സൂപ്പർ ലീഗ് 2024- –- 25 സീസണിന്റെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ കൊച്ചിയിലെ ആദ്യ ഹോം മത്സരത്തിൽ താരങ്ങളുടെ കൈപിടിച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങുക മുണ്ടക്കൈ - ചൂരൽമലയിലെ കുട്ടികൾ. 24 കുട്ടികളാണ് ശനി വൈകിട്ട് ബസിൽ കൊച്ചിയിലേക്ക് യാത്രതിരിക്കുക. എംഇഎസ് സംസ്ഥാന കമ്മിറ്റി, സംസ്ഥാന യൂത്ത് വിങ് കമ്മിറ്റി, കൊച്ചിയിലെ ഫ്യൂച്ചർ എയ്സ് ആശുപത്രിയും കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റും ചേർന്നാണ് "ഒരുമിച്ചോണം’ എന്ന പേരിലാണ് കുട്ടികളെ സ്റ്റേഡിയത്തിലെത്തിക്കുന്നത്. രക്ഷിതാക്കളടക്കം 50 പേരുണ്ടാകും. എട്ട് മുതൽ -12 വയസ്സുള്ളവരെയാണ് കൊണ്ടുപോകുന്നത്. ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് കരകയറുന്ന കുട്ടികൾക്ക് കൂടുതൽ ആശ്വാസം പകരുന്നതായിരിക്കും കൊച്ചിയിലേക്കുള്ള യാത്ര. ഇഷ്ടപ്പെട്ട ടീമിന്റെ മാച്ചുകൾ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വീട്ടിലിരുന്ന് ടിവിയിൽ കണ്ടവരാണ് പലരും. കൊച്ചിയിലെ ആവേശവും കാണാൻ ആഗ്രഹിച്ച താരങ്ങളുടെ കൂടെ ചേർന്ന് നടക്കാൻ അവസരവും ലഭിച്ചതിന്റെ ത്രില്ലിലാണ് കുട്ടികൾ. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഹർഷാരവത്തോടെ കുട്ടികളെ ഗ്രൗണ്ടിലേക്ക് സ്വീകരിക്കും. യാത്രക്കാവശ്യമായ സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി. കുട്ടികളിലെ മാനസിക സംഘർഷം കുറക്കുകയും യാത്രയുടെ ലക്ഷ്യമാണ്. പഞ്ചാബ് എഫ്സിക്കെതിരെ ഞായറാഴ്‌ചയാണ് മത്സരം. Read on deshabhimani.com