ഇ എം എസ് പുരസ്കാരം കാട്ടാമ്പള്ളി സന്മാർഗദായിനി ഗ്രന്ഥശാലയ്ക്ക്



 കടയ്ക്കൽ ലൈബ്രറി പ്രവർത്തനത്തിനുള്ള സംസ്ഥാനത്തെ പരമോന്നത പുരസ്കാരമായ ഇ എം എസ് പുരസ്കാരം കാട്ടാമ്പള്ളി സന്മാർഗദായിനി ഗ്രന്ഥശാലയ്ക്ക്. 1950ൽ 832 –-ാം നമ്പരായി പ്രവർത്തനമാരംഭിച്ച ഗ്രന്ഥശാലയ്ക്ക് സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പുതുതായുള്ള ഗ്രേഡിങ്ങിൽ സംസ്ഥാനത്തെ 45 ഗ്രന്ഥശാലകളിൽ ഒന്നായും കൊട്ടാരക്കര താലൂക്കിലെ ആദ്യത്തെ എ പ്ലസ് ലൈബ്രറിയായും അംഗീകാരം ലഭിച്ചു. തുടർച്ചയായി ഈ ഗ്രേഡിങ് നിലവാരം പിന്തുടരുന്ന ഗ്രന്ഥശാലയ്ക്ക് പ്രഥമ പുത്തൂർ സോമരാജൻ പുരസ്കാരം, എൻ ഇ ബലറാം പുരസ്കാരം, മികച്ച ഗ്രാമീണ ലൈബ്രറിക്കുള്ള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പുരസ്കാരം എന്നിങ്ങനെ നിരവധി അവാർഡ് ലഭിച്ചിട്ടുണ്ട്. തുടയന്നൂർ അരത്തകണ്ടപ്പൻ ക്ഷേത്ര മൈതാനിയിലായിരുന്നു തുടക്കം. പിന്നീട് മണലുവട്ടത്തെ വാടക കെട്ടിടത്തിൽ നിന്നും കാട്ടാമ്പള്ളിയിൽ ആദ്യ സെക്രട്ടറിയായ എ എം ഇബ്രാഹിം നൽകിയ 5സെന്റ് സ്ഥലത്താണ് ലൈബ്രറി പ്രവർത്തനമാരംഭിച്ചത്.  അമ്പത് അംഗങ്ങളും 200 പുസ്തകങ്ങളുമായി ആരംഭിച്ച ഗ്രന്ഥശാല ഇന്ന് 2150 അംഗങ്ങളും 20225 പുസ്തകങ്ങളും വിപുലമായ അക്കാദമിക് സ്റ്റഡി സെന്റർ, സിഡി ലൈബ്രറി, മിനി ഡിജിറ്റൽ തീയറ്റർ, സൗജന്യ വൈഫൈ എന്നീ സൗകര്യങ്ങളോടെയും പ്രവർത്തിക്കുന്നു. പുതിയ ഭരണസമിതി മൂന്നുസെന്റ് വസ്തുകൂടി കൂട്ടിച്ചേർത്തുകൊണ്ട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പുതിയ ബഹുനില മന്ദിരത്തിന് തുടക്കവും കുറിച്ചു. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ 74 അക്ഷരവർഷങ്ങൾ പൂർത്തിയാക്കി പ്ലാറ്റിനം ജൂബിലിയിലേക്ക് കടക്കുകയാണ് ​ഗ്രന്ഥശാല. എസ് ഷൈജു പ്രസിഡന്റായും എസ് ആർ സന്തോഷ് കുമാർ സെക്രട്ടറിയായും പ്രവർത്തിക്കുന്ന 11അംഗ ഭരണസമിതിയാണ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്.   Read on deshabhimani.com

Related News