ഉത്രാടത്തിരക്കില്‍ നാട്

നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഓണോത്സവത്തിന്റെ വരവറിയിക്കാനായി ബാലവേദികുട്ടികൾ പുലിവേഷം കെട്ടിയപ്പോള്‍


കൊല്ലം ഓണസദ്യക്കുള്ള വട്ടങ്ങളും ഓണക്കോടിയും പൂക്കളമൊരുക്കാനുമുള്ള ഓട്ടപ്പാച്ചിലിൽ നാട്‌. ഓണത്തെ വരവേൽക്കാൻ ഉത്രാട ദിവസമായ ശനിയാഴ്‌ച രാവിലെ മുതൽ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലാണ്‌ നാടുംനഗരവും.  വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓണാഘോഷങ്ങൾ മാറ്റിവച്ചെങ്കിലും ദേശീയ ഉത്സവത്തെ വരവേൽക്കാൻ നാട് ഒരുങ്ങി. അത്തം തൊട്ട്‌  പത്തുനാൾ നീളുന്ന ഓണം ഒരുക്കത്തിൽ വിപണി കൂടുതൽ ഉണരുന്നതും ഉത്രാടത്തിനു തന്നെ.  ഓണസദ്യ കെങ്കേമമാക്കാൻ ഉപ്പു തൊട്ട് കർപ്പൂരം വരെ വെള്ളിയാഴ്‌ച വീട്ടിലെത്തും. സർക്കാരിന്റെ ഓണക്കിറ്റും വീടുകളിലെത്തിയത്‌ എഎവൈ കുടുംബങ്ങൾക്ക്‌ ഏറെ ആശ്വാസമാണ്‌. സർക്കാരിന്റെ വിവിധ ക്ഷേമ പെൻഷനും ബോണസും കൈകളിലെത്തിയതോടെ ഓണത്തിനു സാമ്പത്തിക പ്രതിസന്ധി ഒന്നുമില്ലാതെ കടന്നുപോകും.  വൻഓഫറും കിടിലൻ സമ്മാനങ്ങളുമായി വിപണി നേരത്തെ തന്നെ സജീവമായിരുന്നു. വസ്ത്ര, ഗൃഹോപകരണ, വ്യാപാരസ്ഥാപനങ്ങളിൽ ഉപഭോക്താക്കളുടെ തിരക്ക് ആദ്യനാൾ മുതലുണ്ടായിരുന്നു. ഉത്രാടക്കിഴിവ്‌ കൂടി നൽകിയാണ്‌ ശനിയാഴ്‌ച പല കടയും ഉപഭോക്താക്കളെ ആകർഷിക്കുന്നത്‌. വഴിയോര വിപണിയും ഓണച്ചന്തയും സജീവമായതോടെ നാടും നഗരവും ആവേശത്തിലാണ്‌. നഗരത്തിലെ വഴിയോരങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും തിരക്കിനു കുറവില്ല. സാധനങ്ങൾ വാങ്ങാൻ ജനം നഗരത്തിലിറങ്ങിയതോടെ റോഡുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്‌. തിരക്കേറിയ ഇടങ്ങളിലെല്ലാം ഗതാഗതംനിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും രാവിലെ മുതൽ ട്രാഫിക്‌ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. Read on deshabhimani.com

Related News