തൊഴിൽകേന്ദ്രങ്ങളായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ
തളിപ്പറമ്പ് ജില്ലയിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌റ്റർചെയ്യുന്ന ഉദ്യോഗാർഥികളിലും തൊഴിൽനേടുന്നവരിലും വൻ വർധന. അനുയോജ്യ തൊഴിലവസരങ്ങളും നിയമന സുതാര്യതയുമാണ് ഈ തൊഴിൽകേന്ദ്രത്തെ സ്വീകാര്യമാക്കുന്നത്. 2022–-23 സാമ്പത്തിക വർഷത്തേക്കാൾ 4,512 പേർ ഇക്കുറി പുതുതായി രജിസ്‌റ്റർചെയ്‌തു. ഇതോടെ ആകെ 1,35,170പേരായി. 46,543 പുരുഷന്മാരും 88,625 സ്‌ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടെയാണിത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ മുഖേനയുള്ള തൊഴിലവസരങ്ങൾ വർധിച്ചതും തൊഴിൽമേളകൾപോലുള്ള നൂതനാശയങ്ങളുമാണ് ഈ കുതിച്ചുചാട്ടത്തിന് കരുത്തായത്. 2022–-23ൽ സ്ഥിരം, താൽക്കാലിക ഒഴിവുകളിലേക്ക് 1,262 പേരെ നിയമിച്ചു. 2023–-24ൽ ഇതുവരെ 1,199പേർക്ക് തൊഴിൽ നൽകാനായി. അതിൽ 175 പേരുടേത് സ്ഥിരനിയമനമാണ്. നിലവിൽ രജിസ്‌റ്റർ ചെയ്‌തവരിൽ മെട്രിക്കുലേഷനിൽ താഴെ യോഗ്യതയുള്ള 1,948പേർ മാത്രമേയുള്ളൂ. മെട്രിക്കുലേഷൻ –- 32,750, പ്ലസ് ടു –- 57,429, ബിരുദം–- 43,043, പോളിടെക്‌നിക്, എൻജിനിയറിങ് ഡിപ്ലോമ –-1,527 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനുകീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ 2022–--23 വർഷത്തിൽ സംഘടിപ്പിച്ച 44 തൊഴിൽമേളകളിലൂടെ 939 പേർക്കും 2023–-24ൽ ഇതുവരെ 38 തൊഴിൽമേഖലകളിലായി 586പേർക്കും തൊഴിലായി. അതോടൊപ്പം ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ നൽകുന്ന ‘കൈവല്യ’ മുഖേന 4.8 ലക്ഷം രൂപ വായ്‌പ നൽകി. മുൻവർഷം ഇത് 3.1 ലക്ഷം രൂപയായിരുന്നു. രജിസ്‌റ്റർചെയ്‌ത ഭിന്നശേഷിക്കാർക്ക് അരലക്ഷംരൂപ വായ്‌പ നൽകുന്ന പദ്ധതിയാണിത്. ഇതിൽ പകുതി സബ്‌സിഡിയാണ്. 25,000രൂപ മാസത്തിൽ 420 രൂപപ്രകാരം അഞ്ചുവർഷത്തിനകം അടച്ചുതീർത്താൽമതി. വിധവകളും 30 വയസിനുമേൽ പ്രായമുള്ള അവിവാഹിതരും വിവാഹമോചിതരുമായ സ്‌ത്രീകൾക്ക് സ്വയംതൊഴിൽ ലഭ്യമാക്കുന്ന ശരണ്യ പദ്ധതിയിലും പകുതി സബ്‌സിഡിയിൽ അരലക്ഷം രൂപ വായ്‌പ നൽകുന്നതായി എംപ്ലോയ്‌മെന്റ ഓഫീസർ (വൊക്കേഷണൽ ഗൈഡൻസ്) രമേശൻ കുനിയിൽ പറഞ്ഞു. പട്ടികജാതി–-പട്ടിക വർഗ വിഭാഗങ്ങൾക്കായി പ്രത്യേക രജിസ്‌ട്രേഷൻ ക്യാമ്പും പരീക്ഷാപരിശീലനങ്ങളും നൽകിവരുന്നതായും അദ്ദേഹം പറഞ്ഞു. Read on deshabhimani.com