മന്ത്രി ചിഞ്ചുറാണി ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും ഇന്നുമുതൽ പാൽപ്പൊലിമ

കാസർകോട്‌ അണങ്കൂരിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ഒരുക്കിയ എക്സറേ യൂണിറ്റ്


കാസർകോട്  ജില്ലയിൽ പാലുൽപാദനം ഇരട്ടിയാക്കാൻ വിഭാവനം ചെയ്യുന്ന മൃഗസംരക്ഷണ വകുപ്പിന്റെ  ‘പാൽപ്പൊലിമ’ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കം. അണങ്കൂരിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ തിങ്കൾ പകൽ 11.30 ന് മന്ത്രി ചിഞ്ചുറാണി ഓൺലൈനായി ഉദ്‌ഘാടനം നിർവഹിക്കും. 2019 ലെ കണക്കുപ്രകാരം ജില്ലയിൽ 75,000 കന്നുകാലികളാണുള്ളത്. ഇവയിൽ പകുതിയോളം കറവപ്പശുക്കളുടെ പാലുൽപാദനം വളരെ കുറവാണ്. മിൽമ ഡയറിയിൽ പ്രതിദിനം 75,000 ലിറ്റർ പാൽ സംഭരിക്കാനുള്ള സംവിധാനം നിലവിലുണ്ടെങ്കിലും അതിന്റെ പകുതി മാത്രമാണ് പാൽ ലഭ്യത. പാലുൽപാദനം വർധിപ്പിക്കാൻ ഫലപ്രദവും ശാസ്ത്രീയവുമായ പദ്ധതികളാണ് പാൽപൊലിമയിലൂടെ വിഭാവനം ചെയ്യുന്നത്.  പശുക്കളിൽ ജനിതക മേന്മ കൂടിയ കാളകളുടെ ബീജം കുത്തിവച്ച് നല്ല ജനുസ്സിൽപെട്ട കന്നുകുട്ടികളെ സൃഷ്ടിക്കും. കന്നുകുട്ടികളെ 10 മാസം പ്രായമാവുമ്പോഴേക്കും മദി ലക്ഷണം കാണിക്കുംവിധത്തിൽ വളർത്തും.  ഇരുപത് മാസം പ്രായമെത്തുമ്പോഴേക്കും ആദ്യപ്രസവം നടക്കുകയും പാലുൽപാദനം ആരംഭിക്കുകയുംചെയ്യും. കെഎൽഡി ബോർഡ്  ഉരുത്തിരിച്ചെടുത്ത ഉയർന്ന ഉൽപ്പാദനക്ഷമത ഉറപ്പുവരുത്തിയ പ്രീമിയം കാളകളുടെ ബീജം ഉപയോഗിക്കുന്നതിനാൽ  ഇത്തരം പശുക്കളുടെ  ഉൽപ്പാദനശേഷി വളരെ കൂടുതലാണ്‌. അടുത്ത മാസം മുതൽ തെരഞ്ഞെടുക്കപ്പെട്ട 15 കേന്ദ്രങ്ങളിൽ പ്രീമിയം ബീജം ഉപയോഗിച്ചുള്ള കുത്തിവയ്‌പ്‌ ആരംഭിക്കും.   ആനമുതൽ പക്ഷിക്കുവരെ എക്‌സറേ എടുക്കാം   കാസർകോട്‌ അണങ്കൂരിലെ ജില്ലാ മൃഗാശുപത്രിയിൽ ആധുനിക എക്‌സ്‌റേ യൂണിറ്റും തിങ്കളാഴ്‌ച മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്  16.5 ലക്ഷംരൂപ ചെലവിട്ടാണ് യൂണിറ്റ്‌ സ്ഥാപിച്ചത്‌.  ഓമനമൃഗങ്ങൾ, പക്ഷികൾ  മുതൽ ആന വരെയുള്ളവയുടെ എക്സ് റേ പരിശോധന നടത്താൻ ഇതിൽ സാധിക്കും. നീക്കാവുന്ന മെഷീൻ ആയതിനാൽ ശരീര വലുപ്പം കൂടിയ കന്നുകാലികളെയും എന്തിന്‌ ആനകളുടെയും വരെ എല്ലൊടിഞ്ഞത്‌ പരിശോധിക്കാം. ഡിജിറ്റൽ ഇമേജിങ് സംവിധാനമായതിനാൽ എക്‌സറേ ദൃശ്യങ്ങൾ, ഡോക്ടർമാരുടെയും  ഉടമകളുടെയും മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവയിലേക്ക് വേഗം കൈമാറാനും പറ്റും.   Read on deshabhimani.com

Related News