ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീ
കണ്ണൂർ ആദിവാസി വിഭാഗങ്ങളെ സാമൂഹികമായും സാംസ്കാരികമായും സാമ്പത്തികമായും ഉയർത്തിയെടുക്കാൻ വിവിധ പദ്ധതികളുമായി കുടുംബശ്രീ മിഷൻ. ആറളം ട്രൈബൽ സെറ്റിൽമെന്റ് നഗറിൽ ഭക്ഷണം പോഷണം, ആരോഗ്യം, ശുചിത്വം ഒപ്പം തൊഴിൽ തുടങ്ങിയവയാണ് എഫ്‌എൻഎച്ച്‌ഡബ്ല്യു പദ്ധതി വഴി നടപ്പാക്കുന്നത്. ഇതിനായി ആറളത്ത് സ്പെഷ്യൽ യൂണിറ്റും പ്രവർത്തിക്കുന്നു. കോ ഓഡിനേറ്റർ, കൗൺസിലർ, ആനിമേറ്റർമാർ, ബ്ലോക്ക് കോ ഓഡിനേറ്റർമാർ, മൈക്രോ എന്റർപ്രണർഷിപ്പ് കൺസൾട്ടന്റുമാർ എന്നിവരും യൂണിറ്റിലുണ്ട്. സ്ത്രീയുടെയും കുട്ടികളുടെയും ആരോഗ്യനില മെച്ചപ്പെടുത്തുകയും പോഷകാഹാരവുമായി ബന്ധപ്പെട്ട സംരംഭങ്ങൾ അവതരിപ്പിച്ച് കുടുംബങ്ങളുടെ ആരോഗ്യനിലയും മെച്ചപ്പെടുത്താനുമുള്ള സഹായങ്ങളാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി വിവിധ പരിശീലന പരിപാടികൾ നടത്തുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ എം വി ജയൻ പറഞ്ഞു. ഷീ ക്ലബ്, യൂത്ത് ക്ലബ് എന്നിവ രൂപീകരിച്ചാണ് പ്രധാനമായും ക്ലാസുകൾ നൽകുന്നത്. പതിമൂന്നിനും 25നും ഇടയിൽ പ്രായമുള്ളവരാണ് ഷീ ക്ലബ്ബിലെ അംഗങ്ങൾ. 22 ക്ലബ്ബുകളിലായി 330 പേരുണ്ട്. 18 മുതൽ 30വയസ്സുവരെയുള്ളവരെ ചേർത്താണ് യൂത്ത് ക്ലബ്ബുകൾ. കൗമാരക്ലാസുകൾ, സ്വയംപ്രതിരോധ പരിശീലനങ്ങളുമായാണ് ഷീ ക്ലബ്ബുകൾ മുന്നോട്ടുപോകുന്നത്. ഇതിനോപ്പം പോഷകാഹാരം, ആരോഗ്യം, ശുചിത്വം, പേരന്റിങ്, ഗർഭകാല ക്ലാസുകൾ എന്നിവയും നൽകുന്നു. യൂത്ത് ക്ലബ്ബുകൾ പ്രധാനമായും കായികപരിശീലനങ്ങളാണ് നൽകുന്നത്. തിയറ്റർ വർക്ക്‌ഷോപ്, പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനുള്ള സജ്ജം ക്ലാസ്, ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ‘എങ്കള പൊയിൽ ’പദ്ധതി, സ്‌കൂളിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാൻ ‘എങ്കള മക്ക’ പദ്ധതികളും പ്രധാനപ്പെട്ടവയാണ്. വായനശീലം വളർത്താൻ ‘ഫെയ്‌സ് ദ ബുക്ക്’ ബോധവൽക്കരണവുമുണ്ട്. Read on deshabhimani.com