സെൻട്രൽ ജയിലിലും ഹരിതകർമ സേന



കണ്ണൂർ കണ്ണൂർ സെൻട്രൽ ജയിൽ മാലിന്യമുക്തമാക്കാൻ ഹരിതകർമ സേന. ജയിലിലെ അന്തേവാസികളെ അംഗങ്ങളാക്കി രൂപീകരിച്ച ഹരിതകർമ സേന ‘ഹരിതസ്‌പർശം’ ചൊവ്വാഴ്‌ച പ്രവർത്തനം ആരംഭിക്കും. അജൈവ മാലിന്യ ശേഖരണത്തിന് ഹരിതകർമ സേനയെ രൂപീകരിക്കുന്ന ആദ്യ ജയിലാണിത്‌.  ജയിലിലെ എല്ലാ ബ്ലോക്കിൽനിന്നും ഓരോ തടവുകാരനെ ഉൾപ്പെടുത്തി അജൈവ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പരിശീലനം നൽകിയാണ് ഹരിതകർമ സേന രൂപീകരിക്കുന്നത്. 12 പേരടങ്ങിയ സേനയാണ് ആദ്യഘട്ടത്തിൽ   പ്രവർത്തിക്കുക.  ജയിലിനകത്തുനിന്ന് ശേഖരിക്കുന്ന പാഴ് വസ്തുക്കൾ   ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഉദ്ഘാടനം ചൊവ്വാഴ്‌ച കലക്ടർ അരുൺ കെ വിജയൻ നിർവഹിക്കും. ഹരിതകർമ സേനയിലെ അന്തേവാസികൾക്കുള്ള പച്ച ഓവർ കോട്ട് ക്ലീൻ കേരള കമ്പനി കൈമാറും. സാങ്കേതിക സഹായങ്ങൾ ഹരിത കേരളം മിഷനും ശുചിത്വ മിഷനുമാണ് നൽകുന്നത്.   തടവുകാരെ ഉപയോഗിച്ച് മാലിന്യ സംസ്കരണ മേഖലയിലേക്ക് ആവശ്യമായ വിവിധ ഉൽപ്പന്നങ്ങളുടെ നിർമാണവും ജയിലിൽ ആരംഭിക്കും.  ഈർക്കിൽ ചൂൽ, തുണി സഞ്ചി, വിത്തുപേന തുടങ്ങിയ   ഉൽപ്പന്നങ്ങളാണ്  നിർമിക്കുന്നത്. ഹരിത ജയിലാക്കുന്നതിന്റ ഭാഗമായി, മുല്ലപ്പൂ കൃഷി, ശലഭോദ്യാനം, നാടൻ മാവുകളുടെ ജീൻ ബാങ്ക്, മലിനജല സംസ്കരണ പ്ലാന്റ്‌ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഹരിതസ്പർശം പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.  Read on deshabhimani.com

Related News