തലയെടുപ്പോടെ ശക്തൻ മ്യൂസിയം



തൃശൂർ  പൗരാണിക കാഴ്ചകളും ചരിത്രവും തേടിയെത്തുന്ന സ‍ഞ്ചാരികൾക്കായി ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു  മ്യൂസിയം ഒരുങ്ങി. ചരിത്രാതീതകാലം മുതല്‍ ഐക്യകേരള രൂപീകരണ ഘട്ടം വരെയുള്ള പ്രദര്‍ശന വസ്തുക്കള്‍ ഉള്‍പ്പെടുത്തി മാറിവരുന്ന സങ്കല്പങ്ങള്‍ക്കനുസൃതമായാണ്‌ മ്യൂസിയം  നവീകരിച്ചിരിക്കുന്നത്‌. പുനഃസജ്ജീകരിച്ച മ്യൂസിയം 20ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്‌ഘാടനം  ചെയ്യം.   പുരാതത്വ പഠനങ്ങള്‍ക്കായി കൊച്ചി രാജ്യത്ത് ഒരു നൂറ്റാണ്ടു മുമ്പ് സ്ഥാപിക്കപ്പെട്ടതാണ്‌ ഈ മ്യൂസിയം.  കൊച്ചിന്‍ ആര്‍ക്കിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ 1938ല്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ സ്ഥാപിതമായ ശ്രീമൂലം ചിത്രശാലയാണ് തൃശൂര്‍ പുരാവസ്തു മ്യൂസിയമായി വികസിച്ചത്. പിന്നീട് കൊല്ലങ്കോട് ഹൗസിലേക്ക് മാറ്റിയ മ്യൂസിയം കേരളത്തിന്റെ പുരാതത്വ ചരിത്രം വരച്ചുകാട്ടുന്ന അപൂര്‍വ  പുരാവസ്തുക്കള്‍കൂടി ഉള്‍പ്പെടുത്തി 2005ല്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തില്‍ പുനഃസജ്ജീകരിക്കപ്പെട്ടു.  കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ ആധുനിക രീതിയില്‍ സജ്ജീകരിച്ച മ്യൂസിയമാണ് ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്.  നൂറ്റാണ്ടുകൾ പഴക്കമുള്ള, വെങ്കലത്തിൽ നിർമിച്ചിട്ടുള്ള പ്രതിമകളും ശില്പങ്ങളും ഇവിടെ കാണാം. കരിങ്കൽ ശില്പങ്ങൾ, പഴയ കൊച്ചി രാജ്യത്തും സമീപ രാജ്യങ്ങളിലും പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങൾ, രാജകുടുംബം ഉപയോഗിച്ചിരുന്ന വിവിധ സാധനങ്ങൾ, ശിലായുഗത്തിലെ ശേഷിപ്പുകൾ, റോമൻ സ്വർണ നാണയങ്ങൾ, മലബാർ നാണയങ്ങൾ, ബ്രിട്ടീഷ് ഇന്ത്യയിലെ നാണയങ്ങൾ തുടങ്ങിയവയെല്ലാം  പ്രദർശനത്തിനുണ്ടാവും.  കൊട്ടാരത്തിന്റെ തെക്കുഭാഗത്ത് കേരളത്തിലെ തനതായ ചെടികളേയും വൃക്ഷങ്ങളേയും സംരക്ഷിക്കുന്നതിന് പൈതൃക തോട്ടവും സർപ്പക്കാവും ഒരുക്കിയിരിക്കുന്നു. ശലഭോദ്യാനവും  ഔഷധോദ്യാനവും ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്. കൊട്ടാരത്തിലെ ഉദ്യാനത്തോടനുബന്ധിച്ച്   വലിയ ചിറയുണ്ട്. കഠിനമായ വേനലിലും വറ്റാത്തതാണീ വടക്കേച്ചിറ. ഈ ചിറയിൽ ബോട്ടിങ്‌ ഉൾപ്പെടെ നടത്തിയിരുന്നു.  ആറേക്കറോളം സ്ഥലത്താണ്‌ കൊട്ടാരം. കൊച്ചി രാജാവായിരുന്ന ശ്രീ രാമവർമ തമ്പുരാൻ ഈ കൊട്ടാരം കേരള–-ഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795-ൽ പുനർനിർമിച്ചു. കൊച്ചി രാജ്യത്തെ പ്രശസ്തനായ രാജാവായിരുന്ന ശക്തൻ തമ്പുരാനും ഈ കൊട്ടാരം പുനരുദ്ധരിച്ചു. ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ്‌ കൊട്ടാരം. Read on deshabhimani.com

Related News