പശുക്കൾക്ക് തീറ്റയുമായി സംവിധായകൻ എത്തി
കാട്ടാക്കട നഗരസഭ ഏറ്റെടുത്ത പശുക്കളെ കാണാൻ ആക്‌ഷനും കട്ടുമില്ലാതെ സംവിധായകൻ എത്തി. വെറുതെയല്ല, കൈനിറയെ തീറ്റയുമുണ്ടായിരുന്നു. ‘എന്നു നിന്റെ മൊയ്‌തീന്റെ’ സംവിധായകൻ ആർ എസ് വിമലാണ് കാട്ടാക്കട പേഴുംമൂട് കടുവാക്കുഴി അർഷാദിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ സംരക്ഷണത്തിനായി എത്തിച്ച പശുക്കൾക്ക് ഭക്ഷണവുമായി എത്തിയത്. 400 കിലോ തീറ്റയാണ് എത്തിച്ചത്. നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ഐ പി ബിനുവും ഒപ്പമുണ്ടായിരുന്നു. കൂടുതൽ സഹായം ചെയ്യാൻ തയ്യാറാണെന്ന് സംവിധായകൻ പറഞ്ഞു പശുക്കളുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ വിമൽ ഫാമിലെ പശുക്കുട്ടികളിൽ ഒന്നിന് മകളുടെ വിളിപ്പേരായ അപ്പു എന്ന് പേരുനൽകി. ഐ പി ബിനുവും ഒരു പശുക്കുട്ടിക്ക് തന്റെ മകളുടെ പേരായ അമ്മു എന്നും നൽകി. കൂടാതെ ഫാമിലെ ഏറ്റവും വലുപ്പമുള്ള ഗീർ ഇനത്തിൽപ്പെട്ട കാളയെ ജീവനക്കാരിൽ ഒരാൾ മണികണ്ഠൻ എന്നു വിളിച്ചു. മറ്റൊരു പശുക്കുട്ടിക്ക് നഗരസഭാ ജീവനക്കാർ വിമൽ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ ‘കർണൻ’ എന്നും പേരിട്ടു. പശുക്കൾക്കൊപ്പം സെൽഫിയുമെടുത്തു. ഫാമിലുള്ള കല്യാണി എന്ന പശു ഇപ്പോൾ ഗർഭിണിയാണ്. മൂന്നു നാൾ ആയപ്പോഴേക്കും ശ്രദ്ധേയമായ മാറ്റമാണ് പശുക്കൾക്ക് ഉണ്ടായത്. ആവശ്യത്തിനു ഭക്ഷണവും മറ്റും കൃത്യസമയത്ത് നൽകുന്നുണ്ടെന്ന് ഫാം ഉടമയും ഇപ്പോഴത്തെ സൂക്ഷിപ്പുകാരനും കൂടിയായ അർഷാദ് പറഞ്ഞു. അതേസമയം, പശുക്കളെ തിരിച്ചറിയാനും ഇവയുടെ എല്ലാ വിവരവും മനസ്സിലാക്കാനുമായി ചിപ്പ് ഘടിപ്പിക്കുമെന്നും വിവരങ്ങളും ദൈനദിന കാര്യങ്ങളും രേഖപ്പെടുത്തുമെന്നും വെറ്ററിനറി സർജൻ ഡോ. ശ്രീരാഗ് പറഞ്ഞു. ഹെൽത്ത് ഓഫീസർ ഡോ. ശശികുമാർ, വെറ്ററിനറി സർജൻ ഡോ. കിരൺ ദേവ്, നഗരസഭാ ജീവനക്കാർ എന്നിവരും സംവിധായകനൊപ്പം എത്തിയിരുന്നു. ബ്ലോക്ക് മെമ്പർ മിനി, സിപിഐ എം ലോക്കൽ സെക്രട്ടറി എം അഭിലാഷ് , സുനിൽകുമാർ, അജയൻ, ഫാം ഉടമ അർഷാദ് എന്നിവർ സംവിധായകനെയും നഗരസഭാ അധികൃതരെയും സ്വീകരിച്ചു. Read on deshabhimani.com