സൗജന്യ പിഎസ്‌സി പരീക്ഷാപരിശീലനവുമായി ജനമൈത്രി പൊലീസ്
തിരുവനന്തപുരം പുതിയ തലമുറയെ സർക്കാർ ജോലിക്കാരാക്കുവാൻ നിരന്തര പരിശീലന പദ്ധതിയുമായി ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥർ. കല്ലറ പാങ്ങോട് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ജനമൈത്രി പദ്ധതിയുടെ ഭാഗമായി പിഎസ്‌സി പരീക്ഷാ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. കല്ലറയിൽ ആരംഭിക്കുന്ന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ശനിയാഴ്‌ച റൂറൽ എസ്‌പി ബി അശോകൻ നിർവഹിക്കും. സർവീസിൽ കയറുംമുമ്പ് പിഎസ്‌സി പരിശീലന കേന്ദ്രങ്ങളിലും പാരലൽ കോളേജുകളിലും അധ്യാപകരായിരുന്ന പൊലീസുകാരാണ് പിഎസ്‌സി പരീക്ഷാപരിശീലന കേന്ദ്രത്തിലെ അധ്യാപകർ. പുറത്തുനിന്നുള്ള അധ്യാപകരുടെ സേവനവും ഉപയോഗപ്പെടുത്തും. ജനമൈത്രിയുടെ ഭാഗമായി കല്ലറ, പാങ്ങോട് പഞ്ചായത്തുകളിലെ 6000 വീടുകളിൽ ബീറ്റ് ഓഫീസർമാരായ ബി ദിനേഷ് ബാബു, ആർ രഞ്ജീഷ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി വിവര ശേഖരണം നടത്തിയിരുന്നു. വിവിധ കോളനികളിൽ അടക്കം നിരവധി കുട്ടികൾ പഠനം നിർത്തിയതായി കണ്ടെത്തി. ഇതേത്തുടർന്നാണ് ഇവർക്ക് സൗജന്യമായി പരിശീലനത്തിന് പദ്ധതി തയ്യാറാക്കിയത്. ദിനേഷ് ബാബുവും രഞ്ജീഷുമാണ് ഈ ആശയം മുന്നോട്ടുവച്ചത്. സ്‌റ്റേഷൻ ഇൻസ്‌പെക്ടർ എൻ സുനീഷ്, എസ്‌ഐമാരായ ജെ അജയൻ, വി പ്രദീപ്, എം സുലൈമാൻ, എഎസ്‌ഐമാരായ എ പി ബാബു, ജെ എം നസിമുദ്ദീൻ, രൂപേഷ് രാജ്, താഹിറുദ്ദീൻ എന്നിവർ പിന്തുണ നൽകി. സിവിൽ പൊലീസ് ഓഫീസർമാരായ ജി പി പ്രിജിത്ത്, എസ് മഹേഷ് എന്നിവർ ഒപ്പംചേർന്നു. സാമ്പത്തിക സഹായമടക്കം വാഗ്‌ദാനം നൽകി കല്ലറ ജിവിഎച്ച്‌എസ്‌എസിലെ 1999 ബാച്ച് രംഗത്തുവന്നു. പ്രളയ സമയത്ത് വയനാട്ടിലേക്ക് സഹായമെത്തിച്ച് ഈ ബാച്ച് മാതൃകയായിരുന്നു. ശനി, ഞായർ ദിവസങ്ങളിലാകും പരിശീലനം. മറ്റ് കേന്ദ്രങ്ങളിൽ പരിശീലനത്തിന് പോകുന്നവർക്കും ഈ കേന്ദ്രത്തിൽ വരാം. കഴിഞ്ഞ ദിവസം പച്ചത്തുരുത്ത് സൃഷ്‌ടിച്ച് മാതൃകയായിരുന്നു പാങ്ങോട് പൊലീസ് സ്‌റ്റേഷൻ. Read on deshabhimani.com