കാസർകോട്‌ പുതിയ ബസ്‌ സ്റ്റാൻഡ്‌ കൈയടക്കി പശുക്കൾ

കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡിൽ താവളമുറപ്പിച്ച പശുക്കൾ


കാസർകോട്‌ യാത്രക്കാർക്കും വാഹനങ്ങൾക്കും പ്രയാസം സൃഷ്‌ടിച്ച്‌ കാസർകോട്‌ നഗരത്തിൽ അലഞ്ഞുതിരിയുന്ന പശുക്കൾ.  പുതിയ ബസ് സ്റ്റാൻഡിൽ നിറയെ പശുക്കളാണ്‌. കയറൂരി വിട്ടതും ഉടമസ്ഥർ ഉപേക്ഷിച്ചതുമായ പശുക്കളാണ്‌ യാത്രക്കാർക്കും വ്യാപാരികൾക്കും ബസ്‌, ഓട്ടോ ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്‌. ബസ്‌ സ്റ്റാൻഡും പരിസരവും   മുഴുവൻ സമയവും പശുക്കളുടെ താവളമാണ്‌. പന്ത്രണ്ടിലേറെ പശുക്കൾ ഇവിടെയുണ്ട്‌. ബസ്‌ സ്‌റ്റാൻഡിനകത്ത്‌ ബസ്സുകൾ നിർത്തിയിടുന്ന സ്ഥലം ഉൾപ്പെടെ ഇവ കൈയടക്കും. ഇവയെ ഓടിക്കാൻ ശ്രമിച്ചാൽ ബസ്‌ ജീവനക്കാരെയും യാത്രക്കാർ കുത്താൻ വരും. ചിലർ അപകടത്തിൽപെടാറുമുണ്ട്‌.   ബസ്‌ സ്റ്റാൻഡിൽ പശുക്കളുടെ ചാണകത്തിൽ ചവിട്ടി യാത്രക്കാർ വീഴുന്നതും പതിവാണ്‌.  കഴിഞ്ഞ വർഷം മംഗളൂരുവിലേക്കുള്ള ബസിൽ കയറുന്നതിനിടെ യുവാവ്‌ ചാണകത്തിൽ വഴുക്കി വീണ്‌ തലയിൽ മുറിവേറ്റിരുന്നു. മഴ പെയ്യുമ്പോൾ യാത്രക്കാർ ബസ്‌ കാത്തിരിക്കുന്ന ഇടങ്ങളിലേക്ക്‌  പശുക്കൾ  കയറി വരും. വിദ്യാർഥികൾ ഉൾപ്പെടെ ഭയന്നാണ്‌ ഇവിടെ   നിൽക്കുന്നത്‌. സ്റ്റാൻഡിലേക്ക്‌ കടക്കുന്ന ബസുകളുടെ മുമ്പിലേക്ക്‌ പശുക്കൾ വരുമ്പോൾ പെട്ടെന്ന്‌ ബ്രേക്കിട്ടും അപകടമുണ്ടാവുന്നു.  രണ്ട്‌ വർഷം മുമ്പ്‌  ബസിന്റെ പുറകിൽ പശു കിടക്കുകയും ബസ്‌ പുറകോട്ടെടുത്തപ്പോൾ അടിയിൽ കുടുങ്ങുകയും ചെയ്തിരുന്നു. പിന്നീട്‌ ബസ്‌ ജീവനക്കാർ ചേർന്ന്‌ വലിച്ചെടുക്കുകയായിരുന്നു. ഹോണടിച്ചാലും മുമ്പിൽനിന്നും മാറാത്തതിനാൽ പശു കിടക്കുന്നിടത്തുനിന്ന്‌ മാറിയാണ്‌ ബസ്സുകൾ യാത്രക്കാരെ കയറ്റുന്നത്‌.  ബസ്‌ സ്റ്റാൻഡിന്‌ അകത്തുള്ള കടകൾക്കുമുമ്പിൽ പശുക്കൾ ചപ്പുചവറുകൾ കടിച്ചുകൊണ്ടിടുന്നതും പതിവാണ്‌. റെയിൽവേ സ്‌റ്റേഷൻ പരിസരത്തും പശുക്കൾ അലഞ്ഞുതിരിയുന്നുണ്ട്‌. ചില പശുക്കളെ രാത്രിയിൽ ഉടമസ്ഥർ വന്ന്‌ കൊണ്ടുപോകാറുണ്ടെന്ന്‌  വ്യാപാരികൾ പറയുന്നു.    ഉടമസ്ഥരിൽനിന്ന് 
പിഴ ഈടാക്കുമെന്ന്‌ നഗരസഭ കാസർകോട് നഗരത്തിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും അലഞ്ഞു തിരിയുന്ന കന്നുകാലികളെ ഉടമസ്ഥർ സുരക്ഷിതമായി കെട്ടി പരിപാലിക്കേണ്ടതാണെന്ന് നഗരസഭ.   ജനങ്ങൾക്ക്‌ പ്രയാസമുണ്ടാക്കുന്ന  കന്നുകാലികളെ പിടിച്ചുകെട്ടുന്നതും ഉടമസ്ഥരിൽനിന്ന് പിഴ ഈടാക്കുന്നതുമാണെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. കന്നുകാലികളെ ലേലം ചെയ്ത് കൈയൊഴിയുന്നതുൾപ്പടെയുള്ള നടപടിയും സ്വീകരിക്കും.     Read on deshabhimani.com

Related News