ഇനി അറിവുത്സവ നാളുകൾ

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ സ്‌കൂൾതല മത്സരത്തിൽനിന്ന്‌


 കൊല്ലം കോളനി എന്ന അഭിസംബോധന അവമതിപ്പും താമസക്കാരിൽ അപകർഷതാബോധവും സൃഷ്ടിക്കുന്നതിനാൽ ‘നഗർ’ എന്ന് അറിയപ്പെടണമെന്ന ഉത്തരവിറക്കിയ മന്ത്രി ആര്? വിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമായ മൗലികാവകാശമാണ് എന്ന് ഉറപ്പുനൽകുന്ന ഭരണഘടനാ വകുപ്പ് ഏത്?  ഇങ്ങനെ നീളുന്ന ഓരോ ചോദ്യവും രാഷ്ട്രീയവും ചരിത്രവും ശാസ്ത്രവും  ഇടകലർന്ന് കുട്ടികളിലേക്കെത്തി. വെറുതെ ചോദ്യം ചോദിക്കാൻ വേണ്ടിയായിരുന്നില്ല ഈ ചോദ്യോത്തരങ്ങൾ. ചോദ്യത്തിലേക്ക് കുട്ടികളെ എത്തിക്കാനായുള്ള  ലളിത കഥകളിലും ക്വിസ് മാസ്റ്റർമാരായ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു.   ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ–-13 സ്‌കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം നിലമേൽ എംഎം എച്ച്‌എസ്‌എസിൽ പൂർത്തിയായതോടെ ജില്ല ഇനി കടക്കുന്നത് അറിവുത്സവത്തിന്റെ നാളുകളിലേക്ക്. പഠനപ്രക്രിയ ക്ലാസ് മുറിയുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങാനുള്ളതല്ലെന്നും പുസ്തകത്തിൽ നിന്നുള്ള അറിവുകൾ മാത്രമല്ല സാമൂഹികബോധം സൃഷ്ടിക്കുന്നതിന്റെ അടിസ്ഥാനമെന്നും ഉറപ്പിക്കുകയാണ് വീണ്ടും അക്ഷരമുറ്റം. ഒന്നു മുതൽ ഹയർസെക്കൻഡറി വരെ എൽപി, യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങളിലായാണ്‌ ടാലന്റ്‌ ഫെസ്റ്റിൽ വിദ്യാർഥികൾ മാറ്റുരയ്‌ക്കുന്നത്‌. കൂടുതൽ പുതുമയോടെയാണ്‌ ഇത്തവണ മത്സരം ആരംഭിച്ചിരിക്കുന്നത്‌. നാലുവിഭാഗത്തിലും ഒന്നാമതെത്തുന്ന സ്‌കൂളുകൾക്ക്‌ പുരസ്‌കാരം നൽകും. ഈ സ്‌കൂളുകളിൽ അക്ഷരമുറ്റം ക്ലബ്ബുകൾ രൂപീകരിക്കും. ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. 28നാണ്‌ ഉപജില്ലാ മത്സരം, ഒക്ടോബർ 19ന്‌ ജില്ലാതലവും നവംബർ 23ന്‌ സംസ്ഥാന മത്സരവും നടക്കും. നിലമേൽ എംഎം എച്ച്‌എസ്‌എസിൽ നടന്ന മത്സരത്തിൽ എച്ച്എസ് വിഭാഗത്തിൽ സാറ (ഒന്നാംസ്ഥാനം), അൻസിയ (രണ്ടാം സ്ഥാനം)എന്നിവരും എച്ച്എസ് എസിൽ വി എസ് വൈഷ്ണവിയും (ഒന്നാംസ്ഥാനം) ബി നന്ദനും (രണ്ടാം സ്ഥാനം)വിജയിച്ചു. Read on deshabhimani.com

Related News