കൃത്യം വിവരിച്ച് പ്രതികൾ
കൊല്ലം റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ സി പാപ്പച്ച(82)നെ കാറിടിച്ച് കൊലപ്പെടുത്തിയ രീതി വിവരിച്ച് പ്രതികൾ. സംഭവം നടന്ന ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിനു സമീപത്തുനിന്ന് ഗസ്റ്റ്ഹൗസിലേക്കുള്ള റോഡിൽ കൊല്ലം ഈസ്റ്റ് സിഐ എൽ അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തെളിവെടുപ്പിലാണ് ഒന്നാംപ്രതി പോളയത്തോട് എഫ്എഫ്ആർഎ 12 അനിമോൻ മൻസിലിൽ അനിമോൻ, രണ്ടാംപ്രതി ഓട്ടോ ഡ്രൈവർ ശാന്തിനഗർ വയലിൽ പുത്തൻവീട്ടിൽ മാഹിൻ, നാലാംപ്രതി ധനസ്ഥാപനത്തിലെ എക്‌സിക്യൂട്ടീവ് മരുത്തടി വാസുപിള്ള ജങ്ഷൻ സ്വദേശി കെ പി അനൂപ് എന്നിവർ കൊലപാതകത്തിൽ തങ്ങളുടെ പങ്കിനെക്കുറിച്ച് വ്യക്തമാക്കിയത്. ബുധൻ വൈകിട്ട് നാലിനാണ് സംഭവസ്ഥലത്ത് തെളിവെടുത്തത്. അനിമോനെയും മാഹിനെയും ഒരു ജീപ്പിലും അനൂപിനെ മറ്റൊരു ജീപ്പിലുമാണ് എത്തിച്ചത്. വില്ലേജ് ഓഫീസറുടെയും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. ആദ്യം അനൂപിനെയാണ് ജീപ്പിൽ നിന്നിറക്കിയത്. ആശ്രാമം ഭാഗത്തുനിന്ന് ബൈക്കിൽ വന്നതും അപകടസ്ഥലത്തിനു സമീപം വാഗണർ കാറിൽ കാത്തുകിടന്ന അനിമോന് സിഗ്നൽ നൽകിയതുമെല്ലാം അനൂപ് വിവരിച്ചു. തുടർന്ന് അനിമോനെയും മാഹിനെയും ജീപ്പിൽ നിന്നിറക്കി. കാറിലെത്തിയതും അപകടം ഉണ്ടാക്കിയതും തിരികെ പോയതുമെല്ലാം അനിമോൻ വിവരിച്ചു. ആശ്രാമം ഭാഗത്തുനിന്ന് ഗസ്റ്റ്ഹൗസ് ഭാഗത്തേക്കുവന്ന ശേഷം ഗസ്റ്റ്ഹൗസിലേക്കുള്ള റോഡിലിട്ട് കാർ തിരിച്ച് സാംസ്‌കാരിക സമുച്ചയത്തിന്റെ മതിലിനോട് ചേർന്ന് ആൽമരത്തിന്റെ മറവിൽ കാർ പാർക്ക് ചെയ്ത് കാത്തിരുന്നതായി അനിമോൻ പറഞ്ഞു. പാപ്പച്ചന്റെ സൈക്കിളിനു മുന്നിലായി ബൈക്കിലെത്തിയ അനൂപ് സിഗ്‌നൽ നൽകിയതോടെ കാർ സ്റ്റാർട്ട്ചെയ്തു കാത്തിരുന്നു. പാപ്പച്ചൻ മറികടന്നു പോയതിനു പിന്നാലെ കാർ അമിതവേഗത്തിൽ ഓടിച്ച് സൈക്കിളിൽ ഇടിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ മുകളിലേക്ക് ഉയർന്ന് കാറിന്റെ മുൻഗ്ലാസിലേക്ക് വീണ് തെറിച്ച് കാറിനു മുന്നിലേക്കു വീണ പാപ്പച്ചന്റെ മുകളിലൂടെ കാർ കയറ്റിയിറക്കിയ ശേഷം അഡ്വഞ്ചർ പാർക്ക് റോഡ് വഴി ഓടിച്ചുപോയതായി അനിമോൻ പറഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സാമ്പത്തിക തിരിമിറി അറിയാതെയിരിക്കാൻ നിക്ഷേപം നടത്തിയ പാപ്പച്ചനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മെയ് 23ന് ഉച്ചയ്ക്കായിരുന്നു അപകടം. പാപ്പച്ചന്റെ മക്കൾ നൽകിയ പരാതിയിലാണ് കാറപകടം ക്രൂരമായ കൊലപാതകമാണെന്നു തെളിഞ്ഞത്. ചതിച്ചെന്ന് മാഹിൻ അനിമോനും അനൂപും ചേർന്ന് തന്നെ ചതിക്കുകയായിരുന്നുവെന്ന് തെളിവെടുപ്പിനിടെ രണ്ടാംപ്രതി മാഹിൻ പറഞ്ഞു. ആശ്രാമത്തിനു സമീപം ഓട്ടോസ്റ്റാൻഡിൽ സവാരി കാത്തുകിടക്കുകായിരുന്ന ഞാൻ അപകടവിവരം അറിഞ്ഞാണ് എത്തിയത്. അപ്പോൾ ആളുകൾ കൂടിയിരുന്നു. പാപ്പച്ചനെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായില്ല. 108 ആംബുലൻസ് വിളിച്ചിട്ടുണ്ടെന്നും ആരോ പറഞ്ഞു. ആംബുലൻസ് എത്തിയപ്പോൾ പാപ്പച്ചനെ കയറ്റാൻ താൻ സഹായിച്ചതായും എല്ലാ പദ്ധതിയും തയ്യാറാക്കിയ ശേഷം അനിമോനും അനൂപും ചതിക്കുകയായിരുന്നില്ലേയെന്നും മാഹിൻ ഇരുവരോടും ചോദിച്ചു. എന്നാൽ, മാഹിന്റെ പ്രകടനം കാപട്യമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗൂഢാലോചനയിൽ മാഹിന് വ്യക്തമായ പങ്കുണ്ട്. ഇതിനുള്ള തെളിവുകൾ ലഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. കസ്‌റ്റഡി കാലാവധി 17ന് തീരും ഒന്നു മുതൽ നാലുവരെയുള്ള പ്രതികളായ അനിമോൻ, മാഹിൻ, സരിത, അനൂപ് എന്നിവരുടെ കസ്റ്റഡി കാലാവധി ശനിയാഴ്‌ച അവസാനിക്കും. അതിനു മുമ്പ് തെളിവെടുപ്പ് പൂർത്തിയാക്കാനാണ് ശ്രമം. ഒന്നാം പ്രതി സരിതയെ വെള്ളിയാഴ്‌ച അവർ ജോലിചെയ്തിരുന്ന സ്വകാര്യ ധനസ്ഥാപനത്തിന്റെ ഓലയിൽ ബ്രാഞ്ചിൽ എത്തിച്ച് പരിശോധന നടത്തും. കൈയക്ഷര പരിശോധന നടത്തി പാപ്പച്ചൻ കൊലപാതകക്കേസിൽ മൂന്നാംപ്രതി സരിതയുടെയും നാലാംപ്രതി അനൂപിന്റെയും കൈയക്ഷര സാമ്പിൾ പരിശോധിച്ചു. നിക്ഷേപത്തിൽ തിരിമറി നടത്തിയ സരിതയും അനൂപും ബ്ലാങ്ക്‌ചെക്ക് കൈവശപ്പെടുത്തി വിവിധ ബാങ്കുകളിൽനിന്ന് പാപ്പച്ചന്റെ നിക്ഷേപം പിൻവലിച്ചിരുന്നു. ചെക്കിൽ തുക എഴുതിയത്, ഒപ്പ്, നിക്ഷേപത്തിന്റെ വ്യാജരേഖ, രസീതുകൾ എന്നിവ അടക്കമുള്ള രേഖകളിലും എഴുതിയിട്ടുള്ള കൈയക്ഷരവും പ്രതികളുടെ കൈയക്ഷരവും ഒന്നുതന്നെയാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇതോടെ വ്യക്തത വരും. പാപ്പച്ചന് ഓലയിൽ മിനി മുത്തൂറ്റ് നിധി ലിമിറ്റഡിൽ 80ലക്ഷം രൂപ സ്ഥിരനിക്ഷേപമുണ്ടായിരുന്നു. അതിൽനിന്ന് 25 ലക്ഷം രൂപ ആദ്യം സരിതയും അനൂപും ചേർന്ന് തട്ടിയെടുത്തതായി കണ്ടെത്തി. സൗത്ത് ഇന്ത്യൻ ബാങ്കിലും പഞ്ചാബ് നാഷണൽ ബാങ്കിലുമുള്ള 28 ലക്ഷം രൂപയും പ്രതികൾ തട്ടിയെടുത്തു. Read on deshabhimani.com