ആഹ്ലാദ നിമിഷങ്ങൾക്കൊടുവിൽ കണ്ണീരിലാഴ്‌ത്തി ദുരന്തം
രാജപുരം വിവാഹത്തിന്റെ ആഹ്ലാദ നിമിഷങ്ങൾ അവസാനിക്കും മുമ്പേ തെങ്ങുംപള്ളി കുടുംബത്തിന് കേൾക്കേണ്ടി വന്നത് ദുരന്തവാർത്ത. കുടുംബത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ വധുവിന്റെ ബന്ധുക്കളെ സന്തോഷത്തോടെയാണ് അവർ യാത്രയാക്കിയത്. എന്നാൽ അവരിൽ മൂന്നുപേർ ട്രെയിനിടിച്ച് മരിച്ചത് വിവാഹവീടിനെ കണ്ണീരിലാഴ്‌ത്തി. അലീന തോമസ്, ചിന്നമ്മ, ഏയ്ഞ്ചൽ എന്നിവരാണ് മരിച്ചത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം കോട്ടയം ചിങ്ങവനം സ്വദേശികളായ സംഘം ശനി രാത്രി 7.35ന് കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷിനിൽനിന്നുള്ള മലബാർ എക്സ്പ്രസിൽ തിരിച്ചുപോകാനാണ് അവിടെയെത്തിയത്. കള്ളാറിലെ തെങ്ങുംപള്ളി ജോർജിന്റെ മകൻ ജസ്റ്റിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് വധുവിനൊപ്പം ഇവർ കള്ളാറിലെത്തിയത്. കള്ളാർ സെന്റ് തോമസ് ദേവാലയത്തിൽ താലികെട്ടിനു ശേഷം കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. താലികെട്ട് കള്ളാറിൽ നടക്കുന്നതിനാലാണ് വധുവിനെയും കൊണ്ട് ഇവർ അവിടേക്ക് എത്തിയത്. ശനിയാഴ്ച രാവിലെ എത്തിയ ബന്ധുക്കൾ സമീപത്തെ ഹോം സ്‌റ്റേയിൽ തങ്ങിയ ശേഷമാണ് വിവാഹ ചടങ്ങിന് എത്തിയത്. താലികെട്ടും സൽക്കാരവും കഴിഞ്ഞ് 35 പേർ ബസ്സിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു.സ്റ്റേഷന് വടക്ക് ഭാഗത്തുകൂടി പാളം മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തുനിന്നും വന്ന കോയമ്പത്തൂർ -ഹിസാർ എക്സ്പ്രസ് മൂന്നു പേരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ട്രെയിൻ കടന്ന് പോയതോടെ കൂടെയുള്ളവരുടെ നിലവിളി കേട്ട് ഓടിക്കൂടിയവർ ചിതറി തെറിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഇവരിൽ കുറച്ചുപേർ മലബാർ എക്സ്പ്രസിൽ നാട്ടിലേക്ക് യാത്ര തിരിച്ചു. Read on deshabhimani.com