മാനം തെളിഞ്ഞപ്പോൾ ഉത്രാടപ്പാച്ചിൽ നന്മയുടെ നല്ലോണം
കണ്ണൂർ മനസിലും മുറ്റത്തും പൂക്കളം തീര്‍ത്ത് ആഘോഷമാക്കാൻ ജില്ലയൊരുങ്ങി. വയനാട് ദുരന്തത്തെത്തുടർന്ന് കൂട്ടായുള്ള ആഘോഷങ്ങൾ ചുരുങ്ങിയെങ്കിലും കുടുംബാംഗങ്ങളുടെയും സൗഹൃദങ്ങളുടെയും ഒത്തുചേരൽ സജീവമായി. ഓണത്തെ വരവേൽക്കാനുള്ള തിരക്കിലായിരുന്നു ശനിയാഴ്‌ചത്തെ ഉത്രാട നാൾ. അതിരാവിലെയെത്തിയ മഴ ആശങ്കയായെങ്കിലും മാനം തെളിഞ്ഞപ്പോൾ തെരുവോര വിപണി ജില്ലയിലെങ്ങും ഉഷാറായി. പൂവിപണിയും ചെണ്ടുമല്ലിയും ജമന്തിയും വാടാർമല്ലിയും മുല്ലപ്പൂവും നന്നായി വിറ്റഴിഞ്ഞു. നാട്ടുകാരും പൂക്കച്ചവടവുമായി രംഗത്തുണ്ടായിരുന്നെങ്കിലും കർണാടകത്തിൽനിന്നെത്തിയവരായിരുന്നു ഭൂരിഭാഗവും. മുൻവർഷങ്ങളിൽ ആവശ്യക്കാരേറെയുണ്ടായിരുന്ന അരളിപ്പൂവ് അപൂർവം. വിഷാംശമുണ്ടെന്നത് വിപിണയിൽനിന്നും അരളിയെ അകറ്റി. പൂവും പച്ചക്കറിയും ഓണക്കോടിയും വീട്ടുസാധനങ്ങളും വാങ്ങി തിരുവോണത്തിന് വർണപ്പൂക്കളവും സദ്യയും ഒരുക്കാൻ തയ്യാറെടുക്കുന്നവരുടെ തിരക്കായിരുന്നു ശനി ഉച്ചമുതൽ കണ്ണൂരിലും മറ്റ് ചെറുനഗരങ്ങളിലും. കുഞ്ഞുങ്ങളുടെ കൈ ചേർത്തുപിടിച്ച് തിരക്കിട്ടു നടന്നുപോകുന്ന അച്ഛനമ്മമാർ. ഓണാഘോഷത്തിനുള്ള സാധനങ്ങൾ വാങ്ങിനിറച്ച കവറുകളുമായി ബസ് കാത്തുനിൽക്കുന്നവർ. ബസ്സുകളിൽ തിരക്കവഗണിച്ച് ചാടിക്കയറുന്നവർ. വഴിനിറയെ വാഹനങ്ങൾ. പാർക്ക് ചെയ്യാൻ ഇത്തിരി സ്ഥലം പോലും ബാക്കിയില്ല.ഇതായിരുന്നു സ്ഥിതി. പച്ചക്കറിക്ക് വില ഉയർന്നില്ലെന്നതും ജനത്തിന് ആശ്വാസമായി. സപ്ലൈകോയും കൺസ്യൂമർഫെഡും സബ്‌സിഡി നിരക്കിൽ കിറ്റ് നൽകിയതിനാൽ വറുതിയില്ലാത്ത ഓണം. Read on deshabhimani.com