ടൂറിസ്റ്റ് ബോട്ടുകളിൽ കർശന പരിശോധന
ഫറോക്ക് ഓണാവധിക്കാലത്ത് വിനോദ കേന്ദ്രങ്ങളിലെ വർധിച്ച തിരക്ക് കണക്കിലെടുത്ത് സംസ്ഥാന മാരിടൈം ബോർഡ് ബോട്ടുകളിൽ പരിശോധന കർശനമാക്കി. ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളിൽ കുട്ടികളുൾപ്പെടെ വിനോദസഞ്ചാരികൾ കൂടുതലായി എത്തുമെന്നതിനാലാണ് നിയമപരമായി പാലിക്കേണ്ട നിബന്ധന കൂടുതൽ കടുപ്പിച്ചത്. ഇതിന്റെ ഭാഗമായി ബേപ്പൂർ, പൊന്നാനി, താനൂർ എന്നീ കേന്ദ്രങ്ങളിൽ തുറമുഖ വകുപ്പധികൃതർ ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന നടത്തി. നേരത്തെ 23 ടൂറിസ്റ്റ് ബോട്ടുകൾ സർവീസ് നടത്തിയിരുന്ന പൊന്നാനി നിളയോര വിനോദ കേന്ദ്രത്തിലെ ഒമ്പത് ബോട്ടുകൾക്കാണ് അനുമതി ലഭിച്ചത്. കഴിഞ്ഞവർഷം ദുരന്തമുണ്ടായ താനൂരിൽ രണ്ട് സ്പീഡ് ബോട്ടുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. ബോട്ടുകളിൽ ജീവൻരക്ഷാ ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ പറഞ്ഞു. അനുവദനീയമായ എണ്ണം യാത്രക്കാർ മാത്രമേ കയറുന്നുള്ളൂവെന്നും ഉറപ്പാക്കണം. രജിസ്ട്രേഷൻ, സർവേ രേഖകൾ ഇല്ലാതെ സർവീസ് നടത്തുന്ന ബോട്ടുകൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്നും ബേപ്പൂർ പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്ചുതവാര്യർ അറിയിച്ചു. അംഗീകൃത ലൈസൻസ് ഇല്ലാതെ ബോട്ടുകൾ ഓടിച്ചാൽ ഡ്രൈവർക്കും ബോട്ട് ഉടമയ്ക്കും എതിരെ കർശന നടപടിയുണ്ടാകും. ബോട്ടുകൾ അംഗീകൃതമാണോയെന്ന് ഇതിൽ പ്രദർശിപ്പിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് നോക്കി ഉറപ്പുവരുത്തിയ ശേഷമേ യാത്രക്കാർ ഇതിൽ സഞ്ചരിക്കാവൂ എന്നും അധികൃതർ അറിയിച്ചു. Read on deshabhimani.com