കേരള ചിക്കൻപദ്ധതി വിപുലീകരിക്കുന്നു
കണ്ണൂർ ശുദ്ധമായ കോഴിയിറച്ചിക്കും വില നിയന്ത്രണത്തിനുമായി കുടുംബശ്രീ ആരംഭിച്ച കേരള ചിക്കൻ പദ്ധതി ജില്ലയിൽ വിപുലീകരിക്കുന്നു. പുതിയ സംരംഭകർക്ക് അപേക്ഷിക്കാം. നിലവിലുള്ള പത്ത് ഫാമുകളിലെ കോഴിയിറച്ചി വിൽപ്പനയിൽനിന്ന് പത്ത്‌ലക്ഷം രൂപ കർഷകർക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് കേരള ചിക്കൻ പദ്ധതി ജില്ലയിൽ ആരംഭിച്ചത്. മട്ടന്നൂർ രണ്ടും എരമം–- കുറ്റൂർ, പെരിങ്ങോം, പടിയൂർ, ചെമ്പിലോട്, പാപ്പിനിശേരി, ചെറുതാഴം, ആലക്കോട്, കണിച്ചാർ എന്നിവിടങ്ങളിൽ ഓരോന്നും ഫാമുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കർഷകർക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ എന്നിവ നൽകും. വളർച്ചയെത്തിയ ഇറച്ചിക്കോഴികളെ തിരികെയെടുത്ത് കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾവഴി വിപണനവുംനടത്തും. കുടുംബശ്രീ ചിക്കൻ ഔട്ട്‌ലെറ്റുകൾ തുടങ്ങാനും പദ്ധതിയുണ്ട്. കേരള ചിക്കന്റെ ഭാഗമായി ഫാം തുടങ്ങാൻ താൽപ്പര്യമുള്ളവർ കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെട്ടാൽ ആവശ്യമായ സൗകര്യങ്ങൾ ലഭിക്കും. ആയിരം മുതൽ 10,000വരെ കോഴികളെ വളർത്താൻ സൗകര്യമുള്ള ഫാമുകളെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, മരുന്ന് എന്നിവ കമ്പനി നേരിട്ടെത്തിക്കും. 35 മുതൽ 42 ദിവസംവരെ വളർച്ചയെത്തുമ്പോഴാണ് വിപണനം നടത്തുക. സീഡ് കൺസർവേഷൻ അനുപാതമനുസരിച്ച് കിലോ അടിസ്ഥാനമാക്കി വളർത്തുകൂലി ഫാമുടമകൾക്ക് ലഭിക്കും. കിലോയ്‌ക്ക് ആറു മുതൽ 13രൂപ വരെ കർഷകർക്കും ലഭിക്കും. അങ്ങനെ മികച്ച വരുമാനമാർഗം ഉറപ്പാക്കുന്ന സംരംഭംകൂടിയാണ് കേരളചിക്കൻ. കുടുംബശ്രീ അംഗങ്ങളായ സ്‌ത്രീകൾക്ക് അപേക്ഷിക്കാം. വ്യക്തിഗത സംരംഭമായും നാല് പേർ അടങ്ങുന്ന ഗ്രൂപ്പ് സംരംഭമായും കേരള ചിക്കൻ ഫാം തുടങ്ങാം. താൽപ്പര്യമുള്ളവർ കേരള ചിക്കൻ വെബ്‌സൈറ്റിൽ (www.keralachicken.org.in) നിന്ന് ലഭ്യമാകുന്ന ഫോം പൂരിപ്പിച്ച് സിഡിഎസിൽ നൽകണം. ഫോൺ: 04972 702080. Read on deshabhimani.com