ശരീരദാനം മഹാദാനം കാണൂ, ഉളിക്കലിന്റെ ഉശിരൻ മാതൃക

ഉളിക്കൽ മേഖലയിൽ ശരീര, അവയവദാന സമ്മതപത്രം നൽകിയവരിൽ ചിലർ


ഉളിക്കൽ ശരീരപഠനത്തിന്‌ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വിദ്യാർഥികൾ പ്രയോജനപ്പെടുത്തുന്ന മൃതദേഹങ്ങളിൽ പലതും ഉളിക്കലിലെ അവയവ, ശരീരദാനം പ്രഖ്യാപനം നടത്തിയവരുടേതാണ്‌. ശരീരവും അവയവങ്ങളും സമൂഹത്തിന്‌ പ്രയോജനപ്പെടണമെന്ന ആഗ്രഹത്തിൽ അവയവദാനവും മൃതദേഹം കൈമാറലും നിയമപരമായ രേഖയാക്കി സൂക്ഷിക്കുന്നവരാണ്‌ ഉളിക്കലിലെ പൊതുപ്രവർത്തകരടക്കമുള്ള നിരവധിപേർ. ശരീരദാന വിൽപ്പത്രത്തിൽ ഒപ്പുവച്ചവരിൽ സാധാരണക്കാർതൊട്ട്‌ സർക്കാർ ജീവനക്കാർവരെയുണ്ട്‌.     കേരള യുക്തിവാദി സംഘം ഉളിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ 10 വർഷം മുമ്പാണ്‌ ഇത്തരമൊരാശയം രൂപപ്പെട്ടത്‌. നിലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ആവശ്യത്തിനുള്ള മൃതദേഹം ഉള്ളതിനാൽ കഴിഞ്ഞദിവസം അന്തരിച്ച ഉളിക്കൽ  പോളക്കണ്ടത്തിൽ കല്ലുള്ളകണ്ടി ഭാസ്കരന്റെ  മൃതദേഹം കോഴിക്കോട്‌ ഉള്ള്യേരിയിലെ മെഡിക്കൽ കോളേജിനാണ്‌ കൈമാറിയത്‌.    നിലവിൽ തൊണ്ണൂറ്‌ പേർ സമ്മതപത്രം ഒപ്പിട്ടിട്ടുണ്ട്‌. അവരിൽ ഇതിനകം മരണപ്പെട്ട സുലോചന, എ കെ ശങ്കരൻ, ജി കെ എ നായർ, കെ എം ദിനേശ് ബാബു, സി എസ് പുഷ്കരൻ, എം കെ  ഭവാനി, തോമസ് കളമ്പിനാൽ, ടി പി സീതക്കുട്ടി ടീച്ചർ, കെ കെ ഭാസ്കരൻ  എന്നിവരുടെ  മൃതദേഹം പഠനത്തിന്‌ നൽകി.    പാടിയോട്ടുചാലിലും ഈരീതിയിൽ ശരീര, അവയവദാന പ്രവർത്തനം നടക്കുന്നുണ്ട്‌. നേത്രദാനവും സമ്മതപത്രത്തിൽ ഉള്ളതിനാൽ ഉളിക്കൽ മാതൃകവഴി ഏറെപേർക്ക്‌ കാഴ്‌ചതിരികെ കിട്ടി. അധികൃതർ വീടുകളിലെത്തി മൃതദേഹം കൊണ്ടുപോകണമെന്നാണ്‌ ശരീരദാതാക്കളുടെ ആവശ്യം. കെ വി രാമചന്ദ്രൻ, പി എൻ ജനാർദനൻ, സി കെ ജനാർദനൻ, ടി എ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ അവയവ, ശരീരദാന ബോധവൽക്കരണ പ്രവർത്തനങ്ങൾ.   Read on deshabhimani.com

Related News