ഓർമക്കനലായി അവരഞ്ചുപേർ
ഇ എം എസ് അഭിപ്രായപ്പെട്ടതു പോലെ ജാലിയൻ ബാലാബാഗിനോട് താരതമ്യപ്പെടുത്താവുന്ന ക്രൂരകൃത്യമാണ് ചീമേനിയിൽ നടന്നത് . 1987 മാർച്ച് 23നാണ് ചീമേനിയിൽ അഞ്ച് സിപിഐ എം പ്രവർത്തകരെ വെട്ടിപ്പിളർന്നും തീയിൽ ചുട്ടെരിച്ചും കോൺഗ്രസ് ക്രിമിനലുകൾ കൊന്നൊടുക്കിയത്. ഭരണത്തിന്റെ സംരക്ഷണം ലഭിക്കുമെന്ന ഹുങ്കിലാണ് അഞ്ചുപേരെ കിരാതമായി വകവരുത്തി, ആയുധമുയർത്തി അട്ടഹസിക്കാൻ അന്ന് കോൺഗ്രസിന് ധൈര്യം പകർന്നത്. സംഭവം നടക്കുമ്പോൾ ഞാൻ സിപിഐ എം ചീമേനി ലോക്കൽ സെക്രട്ടറിയായിരുന്നു. ചീമേനിയിലെ രണധീരരുടെ ജീവത്യാഗത്തിന് 37 വർഷമായി. സഖാക്കൾ കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി കോരൻ, എം കോരൻ എന്നിവരുടെ വീരസ്‌മരണക്കായി അവരുടെ സ്‌മാരകം യാഥാർഥ്യമായി. നിയമസഭാ തെരഞ്ഞെടുപ്പുദിവസം ചീമേനിയിലെ പാർടി ഓഫീസിൽ പ്രവർത്തകർ വോട്ടുകണക്ക് പരിശോധിക്കുകയായിരുന്നു.അറുപതോളം പേരാണ് ഉണ്ടായിരുന്നത്. തൊട്ടടുത്ത കോൺഗ്രസ് ഓഫീസിൽനിന്ന് ആയുധങ്ങളുമായി ഒരുകൂട്ടം ഓടിക്കയറി. കൈയിൽ കടലാസും പെൻസിലുമായി നിന്ന സഖാക്കൾക്ക് പെട്ടെന്നുള്ള ആക്രമണം ചെറുക്കാനാവില്ല. ചിലർ പ്രാണരക്ഷാർഥം ഓടി. മറ്റുള്ളവർ പാർടി ഓഫീസിനകത്ത് അഭയംതേടി. വാതിലും ജനലുകളും അടച്ചു. അക്രമികൾ ഓഫീസ് തല്ലിത്തകർക്കാൻ തുടങ്ങി. വാതിൽ തുറക്കുന്നത് ബെഞ്ചും ഡെസ്‌ക്കുമിട്ട് അകത്തുളള സഖാക്കൾ തടഞ്ഞു. അക്രമികൾ ജനലഴികൾ അറുത്തുമാറ്റി കല്ലുകളും കുപ്പിച്ചില്ലുകളും വീശിയെറിഞ്ഞു. ഓഫീസിന് ഇരുന്നൂറുവാരയകലെ പൊലീസ് പിക്കറ്റുണ്ടായിരുന്നു. ഇത്രയും വലിയ കുഴപ്പം നടന്നിട്ടും അവരാരും തിരിഞ്ഞുനോക്കിയില്ല. അന്നത്തെ കോൺഗ്രസ് സർക്കാരിന്റെ ഒത്താശയോടെയാണ് ക്രൂരകൃത്യം നടന്നത്. അകത്തുള്ളവർ പുറത്തുവരാതിരുന്നപ്പോൾ കോൺഗ്രസുകാർ മറ്റുവഴി ചിന്തിച്ചു. പുരമേയാൻ കെട്ടിവച്ചിരുന്ന പുല്ലിൻകെട്ടുകൾ ഓഫീസിന് തൊട്ടടുത്തുള്ള പറമ്പിലുണ്ടായിരുന്നു. അവ കൊണ്ടുവന്ന് ജനൽവഴി അകത്തേക്കിട്ട് പെട്രോളും മണ്ണെണ്ണയുമൊഴിച്ച് തീകൊളുത്തി. നിമിഷങ്ങൾക്കകം ഓഫീസ് തീഗോളമായി. ഒന്നുകിൽ അകത്ത് വെന്തുമരിക്കണം അല്ലെങ്കിൽ പുറത്ത് കാത്തിരിക്കുന്ന നരാധമന്മാരുടെ മുന്നിലേക്ക് ഇറങ്ങിച്ചെല്ലണം. കമ്യൂണിസ്റ്റ് ധീരതയുടെ പ്രതീകമായി മാറിയ സഖാക്കൾ തീരുമാനിച്ചു, എല്ലാവരും ഒരുമിച്ച് കൊലചെയ്യപ്പെട്ടുകൂടാ. ചിലരെങ്കിലും ശേഷിക്കണം. കൂട്ടത്തിലെ തലമുതിർന്ന ആലവളപ്പിൽ അമ്പുവാണ് ആദ്യം പുറത്തുചാടിയത്. നരഭോജികൾ ചാടിവീണു. നിമിഷങ്ങൾക്കകം കുത്തിയും വെട്ടിയും കൊലപ്പെടുത്തി. സ്വന്തം അച്ഛൻ കൊലചെയ്യപ്പെടുന്നത് നേരിട്ടുകണ്ട് അമ്പുവിന്റെ മക്കൾ കുമാരനും ഗംഗാധരനും ഓഫീസിനകത്ത് കത്തിക്കൊണ്ടിരിക്കുന്ന തീയുടെ നടുവിൽ വിങ്ങിപ്പൊട്ടി. പിന്നാലെ പുറത്തുചാടിയ ചാലിൽ കോരനെ വലതുകൈ അറുത്തുമാറ്റി ദൂരെയറിഞ്ഞ് കൊലചെയ്‌തു. മൂന്നാമത് പുറത്തുവന്നത് പഞ്ചായത്തംഗവും ബാങ്ക് ഡയറക്ടറുമായിരുന്ന വീടും കുടുംബവും സമ്പത്തുമൊക്കെ പാർടി ഓഫീസാക്കി മാറ്റിയ പി കുഞ്ഞപ്പൻ. കോൺഗ്രസുകാർ ആദ്യം അദ്ദേഹത്തിന്റെ തല തല്ലിപ്പൊളിച്ചു. തൃപ്‌തിവരാതെ പാർടി ഓഫീസിന്റെ പിന്നിലേക്ക് വലിച്ചിഴച്ച് പുല്ലിൽ പൊതിഞ്ഞ് തീയിട്ട് ചുട്ടുകൊന്നു. തുടർന്ന് പുറത്തുചാടിയ എം കോരനെ ആഞ്ഞുവെട്ടി. കോരൻ കുറെ ദൂരം ഓടി. പിന്നാലെ ഓടിയ നരാധമർ കാൽ വെട്ടിമുറിച്ചു. ഓടാൻ കഴിയാതെ വീണ കോരനെ നിരവധി തവണ കുത്തിയാണ് കൊലപ്പെടുത്തിയത്. പിന്നാലെ പുറത്തുചാടിയ ബാലകൃഷ്‌ണനെയും സമാനമായി കൈക്കും കാലിനും വെട്ടി. കുറെ ദൂരം ഓടിയ ബാലകൃഷ്‌ണൻ ബോധംകെട്ട് വീണു. മരിച്ചെന്ന ധാരണയിൽ ഉപേക്ഷിച്ചു. ഇതിനിടെ കൊലചെയ്യപ്പെടുമെന്ന ധാരണയിൽത്തന്നെ ഓഫീസിനകത്ത് ഉണ്ടായിരുന്നവർ ഓരോരുത്തരായി പുറത്തേക്ക് ചാടി. അക്രമിസംഘം പിന്തുടർന്ന് പരിക്കേൽപ്പിച്ചു. പലരും പല സ്ഥലങ്ങളിലും വീണു. പരിക്കേറ്റ പലരെയും മരിച്ചെന്ന ധാരണയിലാണ് ഉപേക്ഷിച്ചത്. ചീമേനിയിലെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ലോക്കൽ കമ്മിറ്റി അംഗം കെ വി കുഞ്ഞിക്കണ്ണൻ, കയ്യൂരിലേക്ക് മടങ്ങുന്നതിന് ബസ് കാത്തുനിൽക്കുമ്പോഴാണ് നരനായാട്ട് അരങ്ങേറിയത്. അക്രമികൾ പിന്തുടരുന്നതറിഞ്ഞ് അദ്ദേഹം അടുത്ത കടയിൽ അഭയം തേടി. കടയുടമയുടെ എതിർപ്പ് വകവയ്ക്കാതെ പിന്നാലെ എത്തിയവർ, കുഞ്ഞിക്കണ്ണനെ വലിച്ചിഴച്ച് റോഡിലിട്ട് മർദിച്ചു. എന്നിട്ടും കലിയടങ്ങാത്ത അക്രമികൾ കടവരാന്തയിലുണ്ടായിരുന്ന അമ്മിക്കല്ലെടുത്ത് തലക്കിട്ട് പൈശാചികമായാണ് കൊലപ്പെടുത്തിയത്. മനസ്സാക്ഷി മരവിപ്പിക്കുന്ന കൊടുംപാതകമറിഞ്ഞ് അന്ന് രാത്രിതന്നെ ഇ കെ നായനാരും മറ്റ് നേതാക്കളും സ്ഥലത്തെത്തി. ഇ എം എസും മറ്റ് സംസ്ഥാന ജില്ലാനേതാക്കളും ഉൾപ്പെടെയുള്ള ജനനേതാക്കൾ സ്ഥലത്തെത്തി. തുടർഭരണമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ചീമേനിയിൽ അരുംകൊല നടത്താൻ കോൺഗ്രസുകാരെ പ്രേരിപ്പിച്ചത്. അതെല്ലാം തെറ്റിച്ച് തൃക്കരിപ്പൂർ മണ്ഡലത്തിൽനിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച നായനാരുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽവന്നു. ചീമേനിയിലെ പ്രിയപ്പെട്ടവരുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ട് വിങ്ങിയ നായനാർ ആ ചുടുമണ്ണിൽനിന്ന് നടന്നുപോയാണ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. Read on deshabhimani.com