വളപട്ടണം മന്നയിലെ കവർച്ച: തെളിവെടുപ്പ് പൂര്‍ത്തിയായി
വളപട്ടണം മന്നയിലെ അരി വ്യാപാരി കെ പി അഷ്‌റഫിന്റെ വീട്ടിൽനിന്ന് 267 പവൻ സ്വർണാഭരണങ്ങളും 1.21 കോടിയും കവർന്ന കേസിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതി ലിജേഷിനെ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കവർച്ച നടത്തിയ അഷറഫിന്റെ വീട്ടിലും സമീപത്തെ ലിജേഷിന്റെ വീട്ടിലും എത്തിച്ച് വെള്ളിയാഴ്ച തെളിവെടുത്തിരുന്നു. മോഷണമുതൽ കടത്തിയതും തൊണ്ടിമുതൽ സൂക്ഷിക്കാൻ കട്ടിലിൽ ഇരുമ്പറ ഉണ്ടാക്കിയതും പ്രതി തെളിവെടുപ്പിൽ പൊലീസിനോട് വ്യക്തമാക്കി. മറ്റ് മോഷണ കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. ചോദ്യം ചെയ്തപ്പോൾ മറ്റ് മോഷണ കേസുകളിൽ ഇയാൾക്ക് പങ്കില്ലെന്നാണ് പൊലീസിൻറ നിഗമനം. 15 മാസംമുമ്പ് കീച്ചേരിയിലെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത് ലിജേഷാണെന്ന് തെളിഞ്ഞിരുന്നു. ഈ കേസിൽ ലിജേഷിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. കീച്ചേരിയിലെ വീട്ടിൽനിന്ന് കവർച്ച നടത്തിയ മോഷണ മുതലുകളും കണ്ടെത്തേണ്ടതുണ്ട്. പണവും സ്വർണവും കോടതിയുടെ നിർദേശപ്രകാരം കണ്ണൂർ ട്രഷറിയിലേക്ക് മാറ്റി. Read on deshabhimani.com