കായംകുളവും കീഴടക്കി കാരിച്ചാൽ

സിബിഎല്ലിന്റെ ഭാഗമായി നടന്ന കായംകുളം ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തുന്നു


കായംകുളം കായംകുളത്തെ ആഴം കുറഞ്ഞ ട്രാക്കിൽ പതിഞ്ഞതാളത്തിൽ തുഴഞ്ഞ്‌ മൂന്നാമനായി കാരിച്ചാൽ മത്സരം തുടങ്ങിയപ്പോൾ ആരുംകരുതിയില്ല സാക്ഷിയാകാൻ പേകുന്നത്‌ ചാമ്പ്യന്‍സ് ബോട്ട് ലീഗ്‌ (സിബിഎൽ) ചരിത്രത്തിലെ എറ്റവും മികച്ച ഫൈനലിനാകുമെന്ന്‌. ട്രാക്കിന്റെ പകുതിയിലധികവും പത്തുതുഴപ്പാടിലധികം പിന്നിൽനിന്ന ശേഷം എതിരാളികളെ നിഷ്‌പ്രഭരാക്കി അരവള്ളപ്പാട് മുന്നിൽ വിജയവരയിലേക്ക്‌. കായംകുളം കായലിലും പള്ളാത്തുരുത്തി ബോട്ട്‌ ക്ലബിന്റെയും കാരിച്ചാലിന്റെയും വിജയഭേരി. സമയം (5.13.84 മിനിറ്റ്). സിബിഎൽ നാലാംസീസണിലെ അഞ്ചാംമത്സരത്തില്‍ വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ രണ്ടാമതും (5.18.87 മിനിറ്റ്) നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടന്‍ (5.19.44 മിനിറ്റ്) മൂന്നാമതുമായി.  ഹീറ്റ്‌സ്‌ മത്സരങ്ങളിൽ നിരണം ചുണ്ടനാണ്‌ മികച്ച സമയം കുറിച്ചത്‌. വീയപുരം രണ്ടാമതായും കാരിച്ചാൽ മൂന്നാമതായും ഫൈനലുറപ്പിച്ചു. ഹീറ്റ്‌സിന്റെ ആവർത്തനം തന്നെയാകുമെന്ന്‌ തോന്നിപ്പിക്കുന്നതായിരുന്നു ഫൈനലിന്റെ തുടക്കവും. മൂന്നാം ട്രാക്കിലെ നിരണം ചുണ്ടൻ ട്രാക്കിന്റെ ആദ്യപാദത്തിൽ ലീഡെടുത്തു. വീയപുരമായിരുന്നു തൊട്ടുപിന്നിൽ. മത്സരത്തിന്റെ തുടക്കത്തിൽ മൂന്നാമതായിരുന്നു കാരിച്ചാൽ. കായംകുളത്തെ ആഴംകുറഞ്ഞ ട്രാക്ക്‌ പകുതി പിന്നിട്ടശേഷമായിരുന്നു കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ കാരിയുടെ കുതിപ്പ്‌. കമന്ററി ബോക്‌സിൽ ആരവങ്ങളുയർന്നു. സിബിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷ്‌.  യുണൈറ്റഡ്‌ ബോട്ട്‌ ക്ലബ്‌ കൈനകരിയുടെ തലവടി ചുണ്ടൻ (5.34.70), കുമരകം ടൗൺ ബോട്ട്‌ ക്ലബിന്റെ നടുഭാഗം (5.37.99), പുന്നമട ബോട്ട് ക്ലബിന്റെ ചമ്പക്കുളം (5.38.05) എന്നിവർ നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ ഫിനിഷ്‌ ചെയ്‌തു.  കെബിസി ആൻഡ്‌ എസ്‌എഫ്‌ബിസിയുടെ മേൽപ്പാടം ചുണ്ടൻ (5.53.39), ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബിന്റെ പായിപ്പാട് (5.53.79), ചങ്ങനാശേരി ബോട്ട് ക്ലബിന്റെ ആയാപറമ്പ് വലിയദിവാന്‍ജി (5.54.38) എന്നിങ്ങനെയാണ്‌ അവസാനസ്ഥാനക്കാർ. 21ന് കൊല്ലത്തെ പ്രസിഡന്റ്‌സ്‌ ട്രോഫി മത്സരത്തോടെ സിബിഎൽ സമാപിക്കും. വിജയികൾക്ക്‌ നഗരസഭാധ്യക്ഷ പി ശശികല സമ്മാനങ്ങൾ വിതരണംചെയ്‌തു. സബ് കലക്ടർ ദിലീപ് കുമാർ പതാക ഉയർത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡി അംബുജാക്ഷി അധ്യക്ഷയായി. മാസ്ഡ്രിൽ മുൻ എംഎൽഎ സി കെ സദാശിവൻ ഫ്ലാഗ്ഓഫ് ചെയ്തു. നഗരസഭാ ഉപാധ്യക്ഷൻ ജെ ആദർശ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് രജനി, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് പവനനാഥൻ, എൽ ഉഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം ജനുഷ, ശ്രീജി പ്രകാശ്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻമാരായ എസ് കേശുനാഥ്, ഷാമിലാ അനിമോൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News