ഒരുക്കങ്ങൾ പൂർത്തിയായി; 20ന് കൊടിയുയരും
തിരുവനന്തപുരം ഒരുക്കങ്ങൾ പൂർത്തിയായി. സിപിഐ എം ജില്ലാ സമ്മേളനത്തിന് 20ന് കൊടിയുയരും. ഇരുപത്തിനാലാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനം 20 മുതൽ 23 വരെ കോവളത്ത് നടക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി, മന്ത്രി വി ശിവൻകുട്ടി, സ്വാഗതസംഘം ചെയർപേഴ്‌സൺ ടി എൻ സീമ, ജനറൽ കൺവീനർ പി എസ് ഹരികുമാർ, ജില്ലാ കമ്മിറ്റിയംഗം പി രാജേന്ദ്രകുമാർ, കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആനത്തലവട്ടം ആനന്ദൻ സ്‌മൃതിമണ്ഡപത്തിൽനിന്ന് പതാകജാഥയും തിരുവല്ലം ശിവരാജന്റെ സ്‌മൃതിമണ്ഡപത്തിൽനിന്ന് കൊടിമരജാഥയും വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള ദീപശിഖാ ജാഥകളും 20ന് കോവളത്ത് സംഗമിക്കും. വൈകിട്ട് അഞ്ചരയ്‌ക്ക് പൊതുസമ്മേളനനഗരിയായ സീതാറാം യെച്ചൂരി നഗറിൽ പതാക ഉയരുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. 21ന് രാവിലെ ഒമ്പതിന് ആനത്തലവട്ടം ആനന്ദൻ നഗറിൽ (കോവളം ജി വി രാജ കൺവൻഷൻ സെന്റർ) പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ടി എം തോമസ് ഐസക്, കെ കെ ശൈലജ, എ കെ ബാലൻ, കെ രാധാകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ തുടങ്ങിയവർ പങ്കെടുക്കും. 19 ഏരിയകളിൽനിന്നുള്ള 439 പേരാണ് പ്രതിനിധികൾ. ഉദ്‌ഘാടനസമ്മേളനത്തിനു ശേഷം ജില്ലാ സെക്രട്ടറി വി ജോയി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് റിപ്പോർട്ടിന്മേൽ ചർച്ചയാരംഭിക്കും. സമ്മേളനത്തിന് സമാപനംകുറിച്ച് 23ന് പകൽ 2.30ന് ആഴാകുളത്തുനിന്ന് വിഴിഞ്ഞത്തേക്ക് ചുവപ്പുസേനാ മാർച്ചും ബഹുജനറാലിയും നടക്കും. വൈകിട്ട് നാലിന് വിഴിഞ്ഞത്തെ സീതാറാം യെച്ചൂരി നഗറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം പുർത്തിയായെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർധിത കരുത്തോടെ സമ്മേളനത്തിലേക്ക് തിരുവനന്തപുരം 2022 ജനുവരി 14 മുതൽ 16 വരെ പാറശാലയിൽ നടന്ന സമ്മേളനത്തിൽനിന്ന് കോവളത്തേക്ക് എത്തുമ്പോൾ ബഹുജനാടിത്തറ ദൃഢമാക്കി പാർടിയംഗത്വത്തിൽ വർധനയുമായി ജില്ലയിലാകെ സ്വാധീനം വർധിപ്പിച്ച് സിപിഐ എം. കഴിഞ്ഞ സമ്മേളന കാലയളവിൽ 41,355 പാർടി അംഗങ്ങളാണ് ജില്ലയിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 42,781 ആയി. പാർടിയുടെ വർധിത കരുത്ത് വിളിച്ചറിയിക്കുന്ന രീതിയിലുള്ള ഒരുക്കങ്ങളാണ് കോവളത്ത് നടക്കുന്നത്. സമൂഹത്തിന്റെ വിവിധ കോണുകളിലുള്ളവരെ പങ്കാളികളാക്കിയാണ് സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾ മുന്നേറുന്നത്. അരാഷ്ട്രീയ വിരുദ്ധറാലി ‘ബി പൊളിറ്റിക്കൽ, ആയിരം വനിതകൾ ഒന്നിച്ചു പാടുന്ന വനിതോത്സവം, ‘കലയല’ സാംസ്കാരികോത്സവം, ജലഘോഷയാത്ര, റെഡ് റൺ, മാധ്യമ സെമിനാർ, പാട്ടരങ്ങ്, നവോത്ഥാന സെമിനാർ, പുസ്തകോത്സവം തുടങ്ങിയ പരിപാടികൾ സമ്മേളന ഭാഗമായി നടക്കും. മുഴുവൻ ജനവിഭാഗങ്ങളെയും ഉൾക്കൊണ്ട പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് സ്വാഗതസംഘം ചെയർപേഴ്‌സൺ ടി എൻ സീമ പറഞ്ഞു. നെയ്ത്ത് തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, കർഷകർ, യുവാക്കൾ, വിദ്യാർഥികൾ തുടങ്ങി വിവിധ കോണുകളിൽനിന്നുള്ളവർ സമ്മേളനപരിപാടികളുടെ ഭാഗമാകുന്നു. വ്യത്യസ്തമായ ഉള്ളടക്കത്തോടെയാണ് സമ്മേളനം ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നും അവർ പറഞ്ഞു. പാർടിയുടെ കരുത്തറിയിക്കും വിധത്തിലായിരിക്കും പതാക, കൊടിമര, ദീപശിഖാ ജാഥകൾ സമ്മേളന നഗരിയിലെത്തുക. 20ന് ആനത്തലവട്ടം ആനന്ദന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാമുവിന്റെ നേതൃത്വത്തിൽ പതാകജാഥ പുറപ്പെടും. ജില്ലാ സെക്രട്ടറിയറ്റംഗം എസ് പുഷ്പലതയുടെ നേതൃത്വത്തിലുള്ള കൊടിമരജാഥ തിരുവല്ലം ശിവരാജന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് പുറപ്പെടും. രക്തസാക്ഷി സ്മാരകങ്ങളിൽനിന്നും നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിൽനിന്നും ഏരിയ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ കൊണ്ടുവരുന്ന ദീപശിഖകളും സമ്മേളന നഗരിയിൽ സംഗമിക്കും. വിവിധ കേന്ദ്രങ്ങളിൽ ഉജ്വല സ്വീകരണമേറ്റുവാങ്ങിയാകും കൊടിമര, പതാക, ദീപശിഖാ ജാഥകൾ സമ്മേളനവേദിയിലെത്തുക. 23ന് കോവളത്തെ ജനസമുദ്രമാക്കി മാറ്റിയാകും ബഹുജനറാലിയും പൊതുയോഗവും നടക്കുക. അഞ്ച് ഏരിയ കേന്ദ്രീകരിച്ചാണ് ബഹുജനറാലി സംഘടിപ്പിച്ചിരിക്കുന്നത്. Read on deshabhimani.com