അവരൊത്തുചേർന്നു, ജീവിതതാളത്തിൽ

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരമ്പരാഗത തൊഴിലാളികളുടെ സംഗമം


തിരുവനന്തപുരം  തറിയിൽ ജീവിത താളം കണ്ടെത്തുന്നവരുടെ സംഗമവേദിയായി ‘ഊടും പാവും’. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഉച്ചക്കടയിലാണ്‌ പരമ്പരാഗത തൊഴിലാളി സംഗമം സംഘടിപ്പിച്ചത്‌. ഉദ്‌ഘാടകനായ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണനെ ഈറ്റ തൊഴിലാളിയായ ശൈലി സ്വയം നെയ്‌തെടുത്ത തൊപ്പി അണിയിച്ചാണ്‌ വേദിയിലേക്ക്‌ സ്വീകരിച്ചത്‌. സംഗമത്തിൽ പങ്കെടുക്കാനെത്തിയ പ്രിയ നേതാക്കൾക്ക്‌ നൽകാനായി കൈത്തറി വസ്‌ത്രങ്ങളും തൊഴിലാളികൾ കരുതിയിരുന്നു. നാടൻപാട്ടുകളുടെ അവതരണവും ഉണ്ടായിരുന്നു.  കൈത്തറിത്തൊഴിലാളികളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്‌ തൊഴിൽമേഖലയെ സംരക്ഷിക്കുന്ന സർക്കാരാണ്‌ കേരളത്തിലുള്ളതെന്ന്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനപ്രസംഗത്തിൽ പറഞ്ഞു.വിദ്യാർഥികൾക്ക്‌ കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നതടക്കമുള്ള നടപടി ഇതിന്റെ ഭാഗമാണ്‌. എന്നാൽ, കേന്ദ്രനിലപാട്‌ ഇതിന്‌ തടസമാകുകയാണ്‌. കേരളത്തിലെ ജനങ്ങൾക്ക്‌ യാതൊരു സഹായവും നൽകാതെ കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്‌. അർഹതപ്പെട്ടവരുടെ പെൻഷൻ ഉറപ്പാക്കാനുള്ള ശ്രമം പോലും കേന്ദ്രം തടയുന്നു. വയനാട്ടിൽ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ പോലും കേന്ദ്രം തയ്യാറാകുന്നില്ല. ഈ നയങ്ങൾക്കെതിരെ കേരളം നടത്തുന്ന സമരങ്ങളുമായി സഹകരിക്കാൻ യുഡിഎഫ്‌ തയ്യാറാകുന്നില്ല.  എല്ലാ ദുഷ്‌ടശക്തികളും മാധ്യമ പിന്തുണയിൽ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ തൊഴിലാളികളെ ടി പി രാമകൃഷ്‌ണൻ ആദരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, വൈസ് പ്രസിഡന്റ്‌ എസ് പുഷ്പലത, ജില്ലാ സെക്രട്ടറി സി ജയൻബാബു, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എസ് ഹരികുമാർ, പി രാജേന്ദ്രകുമാർ, കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത്, പുല്ലുവിള സ്റ്റാൻലി, എ ജെ സുക്കാർണോ, വണ്ടിത്തടം മധു, കരിങ്കട രാജൻ, എം വി മൻമോഹൻ, കെ ചന്ദ്രലേഖ, എസ് മണിയൻ, ഉച്ചക്കട ചന്ദ്രൻ, സി എസ് വിഷ്‌ണുപ്രശാന്ത്, ആർ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News