ലഗേജ് ടിക്കറ്റിൽ 300കിലോ മാത്രം
കൊല്ലം ട്രെയിനിന്റെ സ്റ്റോപ്പ് സമയത്തിന്റെ പേരിൽ പാർസലുകളെ ലഗേജാക്കി യാത്രാടിക്കറ്റ് കൂടി അടിച്ചേൽപ്പിക്കുന്ന കൊള്ളയിലൂടെ കൂടുതൽ വരുമാനം കണ്ടെത്താൻ റെയിൽവേ. യാത്രാടിക്കറ്റും ലഗേജ് ടിക്കറ്റുമെടുത്ത് എത്രഭാരം വേണമെങ്കിലും കൊണ്ടുപോകാമായിരുന്ന നിലവിലെ സ്ഥിതിക്ക് മാറ്റംവരുത്തിയാണ് കൊള്ളലാഭം കൊയ്യാനുള്ള നടപടി കർക്കശമാക്കിയിട്ടുള്ളത്. ഇനിമുതൽ യാത്രാടിക്കറ്റിനൊപ്പം ലഗേജ് ടിക്കറ്റിൽ 300കിലോ സാധനമേ കൊണ്ടുപോകാൻ കഴിയൂ. കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തുന്ന ഭൂരിഭാഗം ട്രെയിനുകൾക്കും അഞ്ചുമിനിറ്റിൽ താഴെയാണ് സ്റ്റോപ്പ്. നേരത്തെ മൂന്നുമിനിറ്റ് സ്റ്റോപ്പുള്ള ട്രെയിനുകളിൽവരെ പാർസൽ അയക്കുമായിരുന്നു. എന്നാൽ, ഏതാനും മാസങ്ങളായി ഓരോ സ്റ്റേഷനിൽനിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിനുകളിലും അഞ്ചുമിനിറ്റ് സ്റ്റോപ്പുള്ളതിലും മാത്രമേ പാർസൽ ടിക്കറ്റിൽ സാധനങ്ങൾ കയറ്റൂ. നിശ്ചിത ഭാരത്തിനു മുകളിലുള്ള ബാക്കിയെല്ലാ സാധനങ്ങളും യാത്രാടിക്കറ്റ് കൂടി എടുപ്പിച്ച് ലഗേജാക്കിയാണ് ഇപ്പോൾ ട്രെയിനിൽ കയറ്റുന്നത്. ഇരട്ടിവരുമാനം ലഭിച്ചതോടെ ലാഭം കൂടുതൽ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഭാരനിയന്ത്രണം കൊണ്ടുവന്നത്. ലഗേജ് ടിക്കറ്റിൽ 300 കിലോയാക്കി നിയന്ത്രണം ഏർപ്പെടുത്തിയത് ഉല്‍പ്പന്നങ്ങൾ ട്രെയിനിൽ അയച്ചുകൊണ്ടിരിക്കുന്ന ചെറുകിട വ്യവസായികളെ സാരമായി ബാധിക്കും. ഇനി സാധനങ്ങൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ ഇരട്ടിയിലേറെ പണം ചെലവാക്കേണ്ടിവരും. ജില്ലയിൽനിന്ന് കൂടുതൽ മത്സ്യവിഭവങ്ങളും മറ്റു ഭക്ഷ്യവിഭവങ്ങളും കൊല്ലം റെയിൽവേ സ്റ്റേഷൻ വഴിയാണ് മറ്റിടങ്ങളിലേക്ക് എത്തിച്ചിരുന്നത്. ദൂരസ്ഥലങ്ങളിൽ ജോലിചെയ്യുന്ന ബന്ധുക്കൾക്കും ഭക്ഷ്യവസ്തുക്കൾ വ്യാപകമായി ട്രെയിനിൽ എത്തിക്കാറുണ്ട്. എന്നാൽ, ഈ തീരുമാനം നേരത്തെ നിശ്ചയിച്ചിട്ടുള്ളതാണെന്നും ഇപ്പോൾ കർക്കശമാക്കുകയാണ് ചെയ്‌തിട്ടുള്ളതെന്നുമാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. സ്റ്റോപ്പ് സമയം കുറവുള്ള ട്രെയിനുകളിലും ലഗേജ് യാത്രക്കാർക്ക് കൂടെ കൊണ്ടുപോകാം. പാർസൽ ആകുമ്പോൾ ചുമട്ടുതൊഴിലാളികൾ ട്രെയിനിൽ കയറ്റിവിടുകയാണ് ചെയ്യുന്നത്. ഇതിന് കൂടുതൽ സമയംവേണം താനും. Read on deshabhimani.com