കുള്ളൻ കവുങ്ങിന്റെ പേരിൽ
സ്വകാര്യ നഴ്‌സറിക്കാരുടെ കൊള്ള

വിട്ടൽ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ ഉത്പാദിപ്പിച്ച കുള്ളൻ കവുങ്ങ്


കാഞ്ഞങ്ങാട്‌ കുള്ളൻ കവുങ്ങെന്ന പേരിൽ സാധാരണ നാടൻ തൈകൾ നൽകി സ്വകാര്യ നഴ്‌സറികൾ കൃഷിക്കാരെ കൊള്ളയടിക്കുന്നു.  വേഗത്തിൽ കായ്ക്കുന്നതും നല്ല വിളവു നൽകുന്നതുമായ കുള്ളൻ കവുങ്ങ്‌ കാസർകോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം നിയന്ത്രണത്തിലുള്ള വിട്ടൽ പ്രാദേശിക ഗവേഷണ കേന്ദ്രത്തിലാണ് ഏതാനും വർഷം മുമ്പ് വികസിപ്പിച്ചത്. പരമാവധി 30 മുതൽ 50 രൂപ വരെയാണ്   തൈകളുടെ വില. അടക്ക പറിച്ചെടുക്കുന്നതിലുള്ള ബുദ്ധിമുട്ട്‌ കണക്കിലെടുത്ത് കുള്ളൻ കവുങ്ങ് ഇനത്തെ ആശ്രയിക്കുന്ന കർഷകർ ഏറെയാണ്‌. ഇവരെയാണ്‌  ചില സ്വകാര്യ നഴ്സറികൾ വഞ്ചിക്കുന്നത്‌. 125 മുതൽ 250 രൂപ വരെയാണ് ഇവർ തൈകൾക്ക്‌ വാങ്ങുന്നത്‌. മംഗള, സുമംഗള, ശ്രീമംഗള, മോഹിത് നഗർ, ഇന്റർ മംഗള തുടങ്ങിയവയാണ്  പ്രചാരത്തിലുള്ള  ഇനങ്ങൾ.  കുള്ളൻ ഇനങ്ങൾ ഒരു വർഷത്തിൽ ഒരു അടിയിൽ കൂടുതൽ വളരില്ല. മറ്റുള്ളവ രണ്ടുവർഷം ആവുമ്പോഴേക്കും നല്ല പരിചരണം ഉണ്ടെങ്കിൽ അഞ്ച് മീറ്റർ വരെ നീളത്തിൽ വളരും.  സ്വകാര്യ നഴ്സറികളിൽനിന്ന്‌ കുള്ളൻ ഇനം വാങ്ങി നട്ട്‌ അത്‌ സാധാരണ കവുങ്ങിനെ പോലെ  വളരുമ്പോഴാണ് പലരും തട്ടിപ്പറിയുന്നത്‌.  കാർഷിക നഴ്സറികളുടെ പേര്‌ പറഞ്ഞ്‌ ഓർഡറെടുക്കാൻ വീടുകളിൽ വരുന്നവരാണ് കുള്ളൻ കവുങ്ങിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നത്. കർണാടകയിലെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ ഉത്പാദിപ്പിച്ച വിടിഎൻ എച്ച്  1 എന്ന ഇനമാണ് യഥാർഥ കുള്ളൻ കവുങ്ങ്. കേന്ദ്രത്തിൽ വ്യാപകമായി തൈ വില്പനക്കുള്ള സംവിധാനം ഇല്ലാത്തതാണ് സ്വകാര്യ നഴ്സറികൾക്ക് ചാകരയാകുന്നത്. ഇവിടെ മുൻകൂട്ടി അപേക്ഷിച്ചാൽ പരമാവധി ഒരാൾക്ക് ലഭിക്കുക അഞ്ചുതൈ മാത്രം. തുടർന്നാണ് പലരും സ്വകാര്യ നഴ്സറികളിൽ നിന്നും തൈകൾ വാങ്ങുന്നത്‌.  കുള്ളൻ കവുങ്ങുകൾ വാങ്ങുന്നുണ്ടെങ്കിൽ ഏറെക്കാലം പ്രവർത്തിക്കുന്ന വിശ്വാസമുള്ള നഴ്സറികളിൽനിന്നോ സർക്കാർ ഉടമസ്ഥതയിലുള്ള കൃഷി ബിസിനസ് കേന്ദ്രങ്ങളിൽനിന്നോ വാങ്ങണമെന്നാണ് തോട്ടവിള ഗവേഷണ കേന്ദ്രം അധികൃതർ നിർദേശിക്കുന്നത്‌.      Read on deshabhimani.com

Related News