കാറ്റ്, മഴ വീടുകൾ തകർന്നു, 
വ്യാപക കൃഷിനാശം



 ചെറുതോണി രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ വാഴത്തോപ്പ് പഞ്ചായത്തിൽ വ്യാപകനാശം. നിരവധി വീടുകൾ ഭാഗികമായി തകരുകയും വലിയതോതിൽ കൃഷിനാശമുണ്ടാകുകയും ചെയ്‌തു. അടിമാലി–കുമളി ദേശീയപാതയിൽ നാരകക്കാനം കുമ്പിടിക്കവലയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തിങ്കൾ വൈകിട്ട്‌ ആറോടെയാണ് കൂറ്റൻപാറക്കഷണങ്ങൾ ഉൾപ്പെടെ റോഡിൽ പതിച്ചത്‌.  ഇടുക്കിയിൽനിന്ന്‌ അഗ്നിരക്ഷാസേനയെത്തി രണ്ട്‌ മണിക്കൂർ പരിശ്രമത്തിനുശേഷമാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌. അതുവരെ വാഹനങ്ങൾ നാരകക്കാനം–പള്ളിക്കവല-–പള്ളിസിറ്റി–അമലഗി–ഡബിൾകട്ടിങ്‌ വഴി തിരിച്ചുവിട്ടു. നെടുങ്കണ്ടം ഉടുമ്പൻചോലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപകനാശം. വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെട്ടു. നിരവധി വൈദ്യുത പോസ്റ്റുകൾ തകർന്നു. ഗ്യാപ്പ് റോഡിലും രാജാക്കാട്–മയിലാടുംപാറ റോഡിലും മരം വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.   പൂപ്പാറ–ബോഡിമെട്ട് റോഡിലും മരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. വട്ടക്കണ്ണി പാറയ്ക്ക് സമീപവും തിങ്കൾക്കാട് നഗറിന്‌ സമീപവും മരം വീണു.  നെടുങ്കണ്ടം മൈനർസിറ്റിയിൽ വീടിന്‌ മുകളിലേക്ക് മരം കടപുഴകി. പൂവത്തുങ്കൽ ശാന്തമ്മയുടെ വീടിന്‌ മുകളിലേക്കാണ് മരം വീണത്. വീട് ഭാഗികമായി തകർന്നു. നെടുങ്കണ്ടം അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുനീക്കി. കോമ്പമുക്ക് ചക്കക്കാനം കൊല്ലംകുടിയിൽ മറിയക്കുട്ടിയുടെ വീടിന്റെ മുകളിലേക്ക് മരം വീണ് മേൽക്കൂര തകർന്നു. സംഭവസമയം വീട്ടിൽ ആളുണ്ടായിരുന്നില്ല.  പ്രകാശ്ഗ്രാം കുന്നേൽ ചെല്ലമ്മയുടെ വീടിനു മുകളിലേക്ക് കമുക്‌ വീണ് വീട് ഭാഗികമായി തകർന്നു.  പട്ടത്തിമുക്ക് -പാലാർ കടുംതുരത്തിയിൽ ലക്ഷ്മിക്കുട്ടിയുടെ വീടിന് മുകളിൽ അയൽവാസിയുടെ പുരയിടത്തിലെ മരം വീണ് ഭാഗികമായി തകർന്നു. കരുണാപുരം കുഴിക്കണ്ടത്ത് ശക്തമായ കാറ്റിൽ 105-ാം നമ്പർ അങ്കണവാടിയുടെ ഷീറ്റ് തകർന്നു. ശാന്തിപുരം പാറയിൽ സോമന്റെ വീടിന്റെ മുകളിലേക്ക് പ്ലാവ് കടപുഴകി. ചാലക്കുടിമേട് ഭാഗത്ത്‌ കന്നുകാലിക്കൂടിന് മുകളിൽ കാറ്റാടി മരം കടപുഴകി.   കല്ലാർപുഴ കരകവിഞ്ഞതിനെത്തുടർന്ന് തൂക്കുപാലം, മുണ്ടിയെരുമ, താന്നിമൂട് ഭാഗങ്ങളിൽ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. Read on deshabhimani.com

Related News