ഫ്ലാറ്റ്‌ ‘വാടക’യ്‌ക്കെടുത്ത്‌ ‘ടയർകച്ചവടം’



കൊല്ലം യുവാവിന്റെ പാൻകാർഡിന്റെ പകർപ്പ്‌ കൈവശപ്പെടുത്തി ഇ–-വേസ്റ്റ്‌ കടത്തി കോടികളുടെ നികുതിവെട്ടിപ്പ്‌ നടത്തിയതിനു പിന്നാലെ കൊല്ലത്ത്‌ ഉടമ അറിയാതെ ഫ്ലാറ്റ്‌  ‘വാടക’യ്‌ക്കെടുത്ത്‌  ‘ടയർകച്ചവടം’. ഡൽഹി സ്വദേശി ഒരു മാസത്തിനിടെ നടത്തിയത്‌ 12.50 കോടി രൂപയുടെ ‘ടയർ വ്യാപാരം’. ടയർ വിൽക്കാതെ ഇൻവോയ്‌സ്‌ തയ്യാറാക്കി 12.5 കോടിയുടെ ഇടപാടിൽ 2.26 കോടിയുടെ നികുതി വെട്ടിച്ചു.   തമിഴ്‌നാട്‌ ദീപക്‌ എന്റർപ്രൈസസ്‌ എന്ന സ്ഥാപനം ഡൽഹി സ്വദേശി അജയ്‌ രാജേഷിന്റെ കൊല്ലം തോപ്പിൽമുക്കിലുള്ള കെട്ടിടം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ‘രാജേഷ്‌ ട്രേഡേഴ്‌സി’ന്‌ ടയറുകൾ വിറ്റതായാണ്‌ രേഖ. തന്റെ ‘അളിയ’നായ അജയ്‌ രാജേഷിന്‌ മുളങ്കാടകം സ്വദേശിയായ കെട്ടിടം ഉടമ തോപ്പിൽക്കടവിലുള്ള കെട്ടിടം വാടകയ്‌ക്കു നൽകിയതായുള്ള അനുമതിപത്രം ചമച്ചാണ്‌ അജയ്‌ രാജേഷ്‌ തട്ടിപ്പ്‌ നടത്തിയത്‌.  ജനുവരിയിലാണ്‌ തോപ്പിൽക്കടവിലുള്ള കെട്ടിടത്തിന്റെ വിലാസത്തിൽ രാജേഷ്‌ ജിഎസ്‌ടി രജിസ്‌ട്രേഷൻ എടുത്തത്‌. ഫെബ്രുവരിയിലാണ്‌ ‘ഇടപാട്‌’ നടത്തിയത്‌. മുളങ്കാടകം സ്വദേശിയുടെ മേൽവിലാസം, കെട്ടിടനമ്പർ എന്നിവ ഓൺലൈൻ സൈറ്റിൽനിന്ന്‌ സംഘടിപ്പിച്ച സംഘം അടിമാലിയിൽനിന്നു തരപ്പെടുത്തിയ നോട്ടറി അഫിഡവിറ്റിന്റെ പകർപ്പ്‌ ദുരുപയോഗം ചെയ്‌താണ്‌ അനുമതി പത്രം തയ്യാറാക്കിയത്‌. ഒറ്റ ഇടപാടിൽ 12.5കോടി മറിഞ്ഞ വ്യാപാരത്തിൽ നികുതിയിനത്തിൽ 2.26 കോടി  സർക്കാരിന്‌ നഷ്ടം. നികുതി ലഭിക്കാതിരുന്നതോടെ കേന്ദ്ര ജിഎസ്‌ടി നൽകിയ കത്തിനെ തുടർന്ന്‌ കെട്ടിടം അന്വേഷിച്ച്‌ ജിഎസ്‌ടി അധികൃതർ എത്തിയത്‌ നിരവധി പേർ താമസിക്കുന്ന ഫ്ലാറ്റിലാണ്‌. ഇവർ അറിയിച്ചപ്പോഴാണ്‌ തന്റെ കെട്ടിടം ‘വാടക’യ്‌ക്ക്‌ കൊടുത്ത വിവരം ഉടമ അറിയുന്നത്‌. രജിസ്‌ട്രേഷനുള്ള വ്യാപാരിയിൽനിന്ന് ചരക്ക്‌ വാങ്ങിയാൽ 18 ശതമാനം നികുതി രണ്ടാമത്തെ വ്യാപാരിക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റായി ലഭിക്കും. രണ്ടാമത്തെ വ്യാപാരിയുടെ റിട്ടേണുകൾ ഫയൽ ചെയ്യുമ്പോൾ ഇങ്ങനെ ലഭിക്കുന്ന തുക കഴിച്ചുള്ള പണം മാത്രം ജിഎസ്ടി അടച്ചാൽ മതിയാകുമെന്നതാണ്‌ തട്ടിപ്പിനു കാരണം. കള്ളപ്പണം വെളുപ്പിക്കലാണോയെന്നും അന്വേഷണം നടക്കുന്നു. Read on deshabhimani.com

Related News