മഴക്കെടുതി രൂക്ഷം; 
34 വീടുകള്‍ക്ക്‌ നാശം

കോഴിക്കോട് പാലാഴിയിൽ കളത്തിൽതാഴം പ്രബീഷിന്റെ വീട്ടിനുള്ളിലേക്ക് മഴവെള്ളം കയറിയപ്പോൾ പാത്രങ്ങൾ മാറ്റുന്ന വീട്ടമ്മ ഫോട്ടോ: ബിനുരാജ്


കോഴിക്കോട്‌  ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. 24 മണിക്കൂറിനിടെയുണ്ടായ ശക്തമായ മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശമുണ്ടായി. മരം വീണും മണ്ണിടിഞ്ഞും 34 വീട്‌ ഭാഗികമായി തകർന്നു. കോഴിക്കോട്–-14, കൊയിലാണ്ടി-–12, വടകര-–-മൂന്ന്‌, താമരശേരി–- അഞ്ച്‌ എന്നിങ്ങനെയാണ്‌ താലൂക്ക്‌ തിരിച്ചുള്ള കണക്ക്‌. പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറി.  തലക്കുളത്തൂർ, ചേളന്നൂർ, കോട്ടൂളി, മാവൂർ, കുമാരനെല്ലൂർ, ഫറോക്ക്‌, കരുവന്തിരുത്തി, കുറ്റിക്കാട്ടൂർ  വില്ലേജുകളിൽനിന്നായി 39 കുടുംബങ്ങളെ  ബന്ധുവീടുകളിലേക്കും മറ്റും മാറ്റിത്താമസിപ്പിച്ചു. 36പേരാണ്‌ മാവൂർ കച്ചേരിക്കുന്ന്‌ സാംസ്‌കാരിക നിലയം, കുമാരനെല്ലൂർ മൂത്തോളി അങ്കണവാടി, ഫറോക്ക്‌ മൈത്രി അങ്കണവാടി, ചേവായൂർ എൻജിഒ ക്വാർട്ടേഴ്‌സ്‌ സ്‌കൂൾ, കോട്ടൂളി ജിഎൽപിഎസ്‌, കസബ വില്ലേജിലെ ഐഎച്ച്‌ആർഡി ടെക്‌നിക്കൽ എച്ച്‌എസ്‌എസ്‌ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്‌.     വെള്ളക്കെട്ടിനെ തുടർന്ന്‌ കക്കോടി ബസാറിൽ ഗതാഗതം ബൈപാസ്‌ റോഡ്‌ വഴി തിരിച്ചുവിട്ടു. മൂന്ന്‌ കുടുംബങ്ങളെ  മാറ്റിപ്പാർപ്പിച്ചു. തുഷാരഗിരി –-ചിപ്പിലിത്തോട്‌ റോഡിൽ മരംവീണ്‌ ഗതാഗതം തടസ്സപ്പെട്ടു. കക്കയം ഡാം സൈറ്റിലെ  കെഎസ്‌ഇബി ഹൈഡൽ ടൂറിസം, വനംവകുപ്പ്‌ ഇക്കോ ടൂറിസം സെന്റർ, കരിയാത്തും പാറ വിനോദസഞ്ചാരകേന്ദ്രം എന്നിവ താൽക്കാലികമായി അടച്ചു.   കക്കയത്താണ്‌ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്‌. - 229 മില്ലി മീറ്റർ. തിങ്കളാഴ്‌ച രാവിലെ 8.30 മുതൽ ചൊവ്വ രാവിലെ 8.30 വരെ പെയ്‌ത മഴയാണിത്‌. പെരുവണ്ണാമൂഴി- 128, കുന്നമംഗലം- 126, വടകര- 83.5,  വിലങ്ങാട്- 50.5 മില്ലി മീറ്റർ മഴപെയ്‌തു. ചൊവ്വാഴ്‌ച അതിതീവ്ര മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചിരുന്നു.  പുഴകളിൽ ജലനിരപ്പ് ഉയർന്നു  പൂനൂർ പുഴയിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. ചാലിയാർ പുഴയിലേക്കുള്ള ശക്തമായ നീരൊഴുക്ക് കാരണം കൈവഴികളായ ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയരുന്നു. പുഴകളുടെ ഇരു തീരങ്ങളിലും താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം നൽകി. മഞ്ഞപ്പുഴയിലും ജലനിരപ്പുയർന്നു. മാമ്പുഴ കരകരിഞ്ഞു. ചേവായൂർ വില്ലേജിൽ വാർഡ് 16 കനാൽ റോഡിൽ പാറയിൽ പൊറ്റയിൽ ഏതാനും വീടുകളിൽ വെള്ളം കയറി.  ഫറോക്ക് വില്ലേജിൽ വാർഡ് 22 തണ്ണിച്ചാൽ പ്രദേശത്ത് നാല് വീടുകളിൽ വെള്ളം കയറി. തലക്കുളത്തൂരിൽ വാർഡ് 17ൽ വെള്ളക്കെട്ടുമൂലം രണ്ട് കുടുംബങ്ങൾ ബന്ധുവീട്ടിലേക്ക് മാറി. വാർഡ് 16ൽ വെള്ളം കയറി  ഒരു കുടുംബം ബന്ധുവീട്ടിലേക്ക് മാറി. കച്ചേരി, ചേവായൂർ, പുതിയങ്ങാടി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.   വടകര പരവന്തലയിൽ താഴെ കൈനോളി ഹരീന്ദ്രന്റെ വീട്‌ പുളിമരം വീണ്‌ പാടെ തകർന്നു. ഒഞ്ചിയം മാവള്ളിതാഴ നാവത്ത്‌ രവീന്ദ്രന്റെ വീടിന്‌ മുകളിൽ മരം വീണു. കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷൻ റോഡിൽ രണ്ട്‌ വന്മരം കടപുഴകി. കൊയിലാണ്ടി കോടതി മുറ്റത്ത്‌ വന്മരം വീണു. പേരാമ്പ്ര ചേനോളി  വയലോട്ട്‌ തയ്യുള്ളതിൽ നാരായണന്റെ വീട്‌ തകർന്നു. കൊടിയത്തൂർ പന്നിക്കോട്‌ പുറായി പ്രഭാകരന്റെ വീട്‌ തെങ്ങുവീണ്‌ തകർന്നു.  ദേശീയപാത നിർമാണം: പാലാഴി 
വെള്ളക്കെട്ടിൽ  ദേശീയപാത കടന്നുപോകുന്ന പാലാഴി അങ്ങാടിയിലും പരിസരങ്ങളിലും നിരവധി വീടുകൾ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടു. കളത്തിൽ താഴം റോഡ്‌, പാലാഴി പാല, പാലക്കുറ്റി പ്രദേശങ്ങളിലെ പതിനഞ്ചോളം വീടുകളിലാണ്‌ വെള്ളം കയറിയത്‌. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി റോഡ്‌ മണ്ണിട്ടുയർത്തിയതാണ്‌ വെള്ളക്കെട്ടിനിടയാക്കിയത്‌. നിലവിൽ വെള്ളമൊഴുകിപ്പോയിരുന്ന തോട്‌ പലയിടത്തും മണ്ണുവീണ്‌ മൂടിയ നിലയിലാണ്‌. ദേശീയപാതയുടെ  ഭാഗമായി ശാസ്‌ത്രീയമായ ഓവുചാൽ ഇല്ലാത്തതും വെള്ളക്കെട്ട്‌ രൂക്ഷമാക്കി. വീടനകത്ത്‌ വെള്ളം കയറിയതോടെ  പല കുടുംബങ്ങളും വീടിന്റെ മുകൾനിലയിൽ അഭയം തേടി. ചില കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും മാറി. Read on deshabhimani.com

Related News