‘തിലതാര' വിപണിയിലിറക്കി



കരുനാഗപ്പള്ളി ജൈവവൈവിധ്യങ്ങളുടെ കലവറയായ ഓണാട്ടുകര എള്ളിൽനിന്ന്‌ ഉൽപ്പാദിപ്പിക്കുന്ന "തിലതാര’ എള്ളെണ്ണ വിപണിയിലിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻ കൃഷിമന്ത്രി പി പ്രസാദിനു നൽകി വിതരണോദ്‌ഘാടനം നിർവഹിച്ചു. ഭൗമസൂചിക അംഗീകാരം ലഭിച്ചതാണ്‌ ഓണാട്ടുകര എള്ള്‌.  കർഷകരിൽനിന്നു സംഭരിച്ച എള്ള് മൂല്യവർധിത ഉൽപ്പന്നമാക്കുന്നതിന്റെ ഭാഗമായാണ്‌ തിലതാര വിപണിയിൽ എത്തിച്ചത്‌. മറ്റ് എള്ളിനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഓണാട്ടുകര എള്ളിന്റെ പോഷക–- ഔഷധ ഗുണങ്ങൾ വളരെക്കൂടുതലാണ്‌. കൂടാതെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾകൂടി പരിഗണിച്ചാണ് ഓണാട്ടുകര എള്ളിനു ഭൗമസൂചിക പദവി ലഭിച്ചത്. ഓണാട്ടുകരയിലെ നാടൻ എള്ളായ ആയാളി, കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഓണാട്ടുകര മേഖല കാർഷിക ഗവേഷണകേന്ദ്രം പുറത്തിറക്കിയ കായംകുളം ഒന്ന്, തിലക്, തിലതാര, തിലറാണി തുടങ്ങിയ എള്ളിനങ്ങൾക്കാണ് ഭൗമസൂചിക പദവി ലഭിച്ചത്. കൃഷിവകുപ്പ് അനുവദിച്ച പദ്ധതികളിലൂടെ ഈ വർഷം ഓണാട്ടുകരയിലെ കർഷകരിൽനിന്നു സംഭരിച്ച എള്ളിൽനിന്നുമാണ് "തിലതാര’ എള്ളെണ്ണ എന്ന പേരിൽ വിപണിയിൽ എത്തിക്കുന്നത്. ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ രവീന്ദ്രൻ, ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ വി ആർ ബിനേഷ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News