‘അഭിനയം എന്റെ ജീവൻ’



കണ്ണൂർ  ‘‘അഭിനയം എനിക്ക്‌ ജീവനാണ്‌. മരിക്കുംവരെ ഞാൻ അഭിനയിക്കും’’ –-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിളക്കത്തിൽ നിൽക്കുമ്പോഴും അതിരറ്റ സന്തോഷമോ അത്ഭുതമോ ഇല്ല കൃഷ്‌ണന്റെ മുഖത്ത്‌. പ്രതീക്ഷിക്കാതെ കിട്ടിയ അംഗീകാരം കാലങ്ങളായി കൊണ്ടുനടന്ന അഭിനയത്തിനുള്ള അംഗീകാരമാണെന്ന പുഞ്ചിരിമാത്രം.      ടി ദീപേഷ്‌ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ‘ജൈവം ’ സിനിമയിലെ അഭിനയത്തിനാണ്‌ പയ്യന്നൂർ, അന്നൂർ സൗത്ത്‌ സ്വദേശിയായ കെ സി കൃഷ്‌ണന്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചത്‌. എതിർപ്പുകളെ അവഗണിച്ചും പെൺമക്കൾക്ക്‌ വിദ്യാഭ്യാസം നൽകുന്ന ഗാന്ധിമൂസയെന്ന കഥാപാത്രത്തെയാണ്‌ കൃഷ്‌ണൻ  അവതരിപ്പിച്ചത്‌. 2010ൽ ദീപേഷ്‌ സംവിധാനം ചെയ്‌ത ‘നഗരം’ സിനിമയിലാണ്‌ ആദ്യം അഭിനയിച്ചത്‌. ദീപേഷിന്റെ അവനോവിലോന, അമ്രപാലി, എ റിയൽ സ്‌റ്റോറി ഓഫ്‌ ഫേക്ക്‌ സ്‌റ്റോറി എന്നീ ചിത്രങ്ങളിലും കൃഷ്‌ണൻ അഭിനയിച്ചിട്ടുണ്ട്‌. 14 സിനിമകളിൽ വേഷമിട്ടു.     പതിനെട്ടാംവയസ്സുമുതൽ  സിപിഐ എം അംഗമാണ്‌ കൃഷ്‌ണൻ. ദിനേശ്‌ ബീഡി തൊഴിലാളിയായിരിക്കുമ്പോഴും നാടകാഭിനയത്തിൽ  സജീവമായിരുന്നു. 1995 മുതൽ പയ്യന്നൂർ നോർത്ത്‌ ലോക്കലിലെ ദേശാഭിമാനി ഏജന്റാണ്‌. സിപിഐ എം പയ്യന്നൂർ എ കെ ജി ഭവൻ ബ്രാഞ്ചംഗമാണ്‌. ഭാര്യ യശോദയും മകൻ പ്രേംലാലും ദേശാഭിമാനി ഏജന്റാണ്‌. ശ്യാംലാൽ മറ്റൊരു മകൻ.    ‘‘ അഭിനയിക്കാൻ കഴിവുവേണം. അതിലും കൂടുതൽ വേണ്ടത്‌ ആർക്കുമുന്നിലും മടികൂടാതെ അഭിനയിക്കാനുള്ള മനസ്സാണ്‌. പറ്റുന്ന കാലത്തോളം ഞാൻ അഭിനയിക്കും’’  –-പൊട്ടിച്ചിരിയോടെ കൃഷ്‌ണൻ പറഞ്ഞു.   പി പ്രേമചന്ദ്രന് പ്രത്യേക 
ജൂറി പുരസ്‌കാരം പയ്യന്നൂർ സംസ്ഥാന സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ രചനാവിഭാഗത്തിൽ പയ്യന്നൂരിലെ  പി പ്രേമചന്ദ്രന് പ്രത്യേക ജൂറി പുരസ്‌കാരം. "കാമനകളുടെ സാംസ്കാരിക സന്ദർഭങ്ങൾ' എന്ന പുസ്‌തകമാണ്  പുരസ്‌കാരത്തിന് അർഹമായത്. ലോകത്തിലെയും ഇന്ത്യയിലെയും മലയാളത്തിലെയും സിനിമകളെക്കുറിച്ചുള്ള പഠനങ്ങളും സിനിമ  സംബന്ധിച്ച   ലേഖനങ്ങളുമാണ് പുസ്‌തകത്തിലുള്ളത്. 20 വർഷത്തിലധികമായി ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ മുഖ്യ സംഘാടകനാണ്. ഓപ്പൺ ഫ്രെയിമിന്റെ നേതൃത്വത്തിൽ നിരവധി ലോകോത്തര സിനിമകൾ  മലയാളം സബ് ടൈറ്റിലുകളോടെ പ്രദർശിപ്പിച്ചുവരുന്നു.      സംസ്ഥാന സർക്കാരിന്റെ പാഠപുസ്‌തകസമിതി അംഗവും അധ്യാപക പരിശീലകനുമായിരുന്നു.  പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നാണ് വിരമിച്ചത്. കേരള ബാങ്ക് കരിവെള്ളൂർ ശാഖയിൽ ജോലിചെയ്യുന്ന ടി എം ജലജയാണ് ഭാര്യ. മാളവിക (ഗോവ), ആദിത്യൻ എന്നിവർ മക്കൾ. Read on deshabhimani.com

Related News