മനം നിറഞ്ഞ് ഓണസദ്യയുണ്ട് വാനരസംഘം
തൃക്കരിപ്പൂർ കാവിനോരം ചേർന്ന് റോഡരികിലൊരുക്കിയ ഡസ്കുകളിൽ അവർ നേരത്തെതന്നെ നിലയുറപ്പിച്ചിരുന്നു. സദ്യ വിളമ്പിയതോടെ ഇണങ്ങിയും പോരടിച്ചും ആവേശത്തോടെ അവർ സദ്യയുണ്ടു. ഇടയിലെക്കാട് കാവിലെ വാനരന്മാർക്ക് ഓണാഘോഷത്തിന്റെ ഭാഗമായി അവിട്ടം ദിനത്തിൽ നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് സമൃദ്ധമായ ഓണസദ്യയൊരുക്കിയത്. ഇരുപത് വർഷമായി മുറതെറ്റാതെ സദ്യയൂട്ടിയ അമ്മൂമ്മ ചാലിൽ മാണിക്കമ്മയ്ക്ക് അസുഖമായതിനാൽ ഇത്തവണ "പപ്പീ..... " എന്ന് നീട്ടി വിളിച്ച് വാനരരെ വരുത്താൻ അവർ ഉണ്ടായില്ല. പതിനേഴ് വിഭവങ്ങളായിരുന്നു സദ്യയിൽ. പപ്പായ, കക്കിരി, വെള്ളരി, സപ്പോട്ട, പേരയ്ക്ക, പാഷൻ ഫ്രൂട്ട്, സീതാപ്പഴം, മാങ്ങ, ക്യാരറ്റ്, തണ്ണിമത്തൻ, ബീറ്റ്റൂട്ട്, തക്കാളി, കൈതച്ചക്ക, ഉറുമാൻ പഴം, നേന്ത്രപ്പഴം, നെല്ലിക്ക എന്നിവയും ഉപ്പു ചേർക്കാത്ത ചോറുമായിരുന്നു വാഴയിലയിൽ ഒരുക്കിയത്. ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസിൽ വെള്ളവും നൽകി. സിനിമാ ചിത്രീകരണത്തിന്റെ തിരക്കിനിടയിലും നടൻ പി പി കുഞ്ഞികൃഷ്ണനും സദ്യ കാണാനെത്തി. കുട്ടികൾക്കൊപ്പം കുരങ്ങൻമാർക്ക് വിഭവങ്ങളും വിളമ്പി. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി വേണുഗോപാലൻ, ഗ്രന്ഥാലയം സെക്രട്ടറി വി കെ കരുണാകരൻ, പ്രസിഡന്റ് കെ സത്യവ്രതൻ, ബാലവേദി കൺവീനർ എം ബാബു, വി റീജിത്ത്, വി ഹരീഷ്, എം ഉമേശൻ, പി വി സുരേശൻ, സി ജലജ, സ്വാതി സുജീഷ് എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com