വടക്കേ സ്റ്റാൻഡിൽ ഉയരുന്നു ആകാശപ്പാലം

വടക്കേ സ്റ്റാൻഡിൽനിന്ന് വടക്കേച്ചിറയിലേക്ക് ഇരുമ്പ് സ്പാൻ സ്ഥാപിക്കുന്നു


തൃശൂർ ജനങ്ങൾക്ക്‌ സുരക്ഷിത കാൽനടയാത്ര ഒരുക്കാൻ വടക്കേ സ്റ്റാൻഡിലും ആകാശപ്പാലം ഉയരുന്നു. വടക്കേ ബസ്‌സ്‌റ്റാൻഡും  വടക്കേച്ചിറയും ബന്ധിപ്പിക്കുന്ന തരത്തിലാണ്‌ ആകാശപ്പാലം നിർമിക്കുന്നത്‌. രണ്ടു സ്‌പാനുകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇരുമ്പുപാലം ഉയർത്തുന്ന പ്രവൃത്തികൾ വെള്ളിയാഴ്‌ച പൂർത്തിയായി. മൂന്ന് കൂറ്റൻ ക്രെയിനുകളുടെ സഹായത്തോടെയാണ്‌ പാലം ഉയർത്തിയത്‌. തൃശൂർ കോർപറേഷന്റെ അമൃത്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ പാലം നിർമിക്കുന്നത്‌. വടക്കേ സ്റ്റാൻഡിൽനിന്ന് വടക്കേച്ചിറ ഭാഗത്തേക്കും തിരിച്ചും പൊതുജനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനാണ്  ആകാശപ്പാലം നിർമിക്കുന്നത്. 2022 ഫെബ്രുവരിയിലാണ്‌ പാലത്തിന്റെ നിർമാണ ജോലികൾ ആരംഭിച്ചത്‌. മാർച്ച്‌ പകുതിയോടെ പ്രവൃത്തികൾ പൂർത്തിയായി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. 12 കോടി രൂപക്കാണ്‌ ഭരണാനുമതി ലഭിച്ചത്‌. റോഡിൽനിന്ന്‌ ആറ് മീറ്റർ ഉയരത്തിലും 2.3 മീറ്റർ വീതിയിലും 27.5 മീറ്റർ നീളത്തിലുമാണ് പാലം നിർമിക്കുന്നത്. ചവിട്ടുപടികൾ അടങ്ങിയ ഇരുതൂണുകളേയും ബന്ധിപ്പിക്കുന്ന പണികളാണ്‌ പൂർത്തിയായത്‌. മുപ്പതിലധികം ചവിട്ട്പടികളാണുള്ളത്‌. അടുത്ത ദിവസങ്ങളിലായി പാലത്തിന്റെ കൈവരി പിടിപ്പിക്കുന്ന പണികൾ, ഫ്ലോറിങ്‌, ലൈറ്റിങ്‌ തുടങ്ങിയ നിർമാണപ്രവർത്തനം വേഗത്തിൽ നടത്തും.വടക്കേച്ചിറയുടെ ഭാഗത്തുനിന്ന്‌ രണ്ട് പ്രവേശന കോണിയും ബസ്‌സ്റ്റാൻഡിൽനിന്ന്‌ ഒരു പ്രവേശന കോണിയുമാണുള്ളത്‌. ആകാശപ്പാലം ഉയർത്തുന്നതിന്റെ ഭാഗമായി വടക്കേസ്റ്റാൻഡിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. പാലം യാഥാർഥ്യമാകുന്നതോടെ സ്വരാജ്‌ റൗണ്ട്‌, മോഡൽ ബോയ്‌സ്‌ സ്‌കൂൾ, ഗവ. മോഡൽ ഗേൾസ്‌ സ്‌കൂൾ തുടങ്ങി വടക്കേസ്റ്റാൻഡിനോട്‌ അടുത്തു കിടക്കുന്ന സ്‌കൂളുകളിലെ വിദ്യാർഥികൾക്കും മറ്റ്‌ പൊതുജനങ്ങൾക്കും സുരക്ഷിതമായി സ്റ്റാൻഡിലേക്ക്‌ പ്രവേശിക്കാം. Read on deshabhimani.com

Related News