യുവതിക്ക് ആംബുലൻസിൽ സുഖ പ്രസവം
കാസർകോട് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ സുഖ പ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ. മാലക്കല്ല് സ്വദേശിനിയായ 35 കാരിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച രാത്രി 10 ഓടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കാറിൽ ആശുപത്രിയിലേക്ക് തിരിച്ചു. യാത്രാമധ്യേ ആരോഗ്യനില വഷളായതിനെ തുടർന്ന് കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. ആംബുലൻസ് തായൂർ എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളായി. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ കെ വി ഗ്രേഷ്മയുടെ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് സുരക്ഷിതം അല്ലെന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ സജ്ജീകരണം ഒരുക്കി. 10.41 ന് യുവതി കുഞ്ഞിന് ജന്മം നൽകി. ഗ്രേഷ്മ ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. ഇരുവരെയും ആംബുലൻസ് പൈലറ്റ് പ്രജീഷ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. Read on deshabhimani.com