അതിജീവനത്തിന്റെ നൈമിത്ര
കടയ്ക്കൽ ചോറിനൊപ്പം അൽപ്പം അച്ചാറ് കൂടി ചേർന്നാൽ മലയാളിക്ക് വേറെന്തുവേണം. അത് കലർപ്പില്ലാത്ത വ്യത്യസ്തതരം രുചികളാണെങ്കിൽ സന്തോഷം ഡബിൾ. ഇത്തരത്തിൽ രുചിവൈവിധ്യം കൊണ്ട് അതിജീവനത്തിന്റെ പുത്തൻപാഠം പകരുകയാണ് ദീജയുടെ "നൈമിത്ര' അച്ചാറുകൾ. പോളിയോ ബാധിച്ച് പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടപ്പെട്ട യുവതി പൊരുതി നേടിയ ജീവിതത്തിന്റെ കഥകൂടിയാണ് നൈമിത്ര. തിരുവനന്തപുരം ജില്ലയിലെ വർക്കല മുത്താനയിലായിരുന്നു ദീജയുടെ വീട്. വർഷങ്ങള്‍ മുറിക്കുള്ളിലായിരുന്നു ദീജയുടെ ജീവിതം. ചേച്ചി സ്കൂളിൽ പോകുമ്പോൾ പലതവണ ആഗ്രഹിച്ചതാണെങ്കിലും ശരീരം അനുവദിച്ചില്ല. ചേച്ചി പഠിച്ചിരുന്നത് കണ്ടും കേട്ടും അക്ഷരങ്ങൾ സ്വയം പഠിച്ചെടുക്കുകയായിരുന്നു. ആ ആഗ്രഹത്തിന് അയൽവാസികൂടിയായ ജയലത സഹായവുമായി ഒപ്പം നിന്നു. ദീജയുടെ നിർബന്ധപ്രകാരം 14–-ാം വയസ്സിൽ നാലാം ക്ലാസിൽ ചേർത്തു. അച്ഛനും അമ്മയും തോളിലേറ്റിയാണ് സ്കൂളിൽ എത്തിച്ചിരുന്നത്. പീന്നീടിത് പാതിവഴിയിൽ മുടങ്ങിയെങ്കിലും ചേച്ചിയുടെ സഹായത്തോടെ വീട്ടിലിരുന്നു പഠനം തുടർന്നു. അയൽവാസികളായ കുട്ടികൾക്ക് ട്യൂഷൻ എടുത്തുതുടങ്ങി. വീട്ടിലെ സാമ്പത്തിക സാഹചര്യങ്ങൾ മോശമായതോടെ ഫാൻസി ആഭരണനിർമാണത്തിലേക്കും ദീജ തിരിഞ്ഞു. ഫെയ്സ്ബുക്ക് സുഹൃത്തായ അഞ്ചൽ സ്വദേശി നൗഷാദാണ് ദീജയുടെ ജീവിതത്തിനു പുതിയ ദിശാബോധം പകർന്നത്. അച്ചാർ നിർമാണം തുടങ്ങാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൗഷാദ് ദീജയ്ക്ക് വാഗ്ദാനംചെയ്തു. അങ്ങനെ നൗഷാദിന്റെ കൈയിൽ നിന്ന് വാങ്ങിയ 5000രൂപയുമായാണ് നൈമിത്രയുടെ തുടക്കം. അച്ചാർ എങ്ങനെ വിറ്റഴിക്കും എന്നതായിരുന്നു അടുത്ത കടമ്പ. ഇതിനും ഫെയ്സ്ബുക്ക് തന്നെ പരിഹാരമായി. ഇപ്പോൾ മറ്റ് ജില്ലകളിൽ നിന്നുള്ളവർപോലും ദീജയുടെ അച്ചാറിനായി സമീപിക്കുന്നു. നിലമേലിനടുത്ത് വാടക വീട്ടിലാണ് ഇപ്പോൾ ദീജയുടെ താമസവും അച്ചാർ നിർമാണവും. നൈമിത്ര ഒരു പ്രതീക്ഷയാണ്. രോഗങ്ങൾക്കും അപകടങ്ങൾക്കും മുന്നിൽ പകച്ചുപോയ ഒരുകൂട്ടം ആളുകൾക്ക് മുന്നോട്ട് കുതിക്കാനുള്ള വഴിമരുന്നും. Read on deshabhimani.com