അതിരപ്പിള്ളി ടൂറിസം മേഖലയില്‍ 
സഞ്ചാരികളുടെ വന്‍ തിരക്ക്

ചൊവ്വാഴ്ച അതിരപ്പിള്ളിയിലെത്തിയ സഞ്ചാരികളുടെ തിരക്ക്‌


ചാലക്കുടി ഓണം അവധിയായതോടെ   അതിരപ്പിള്ളി ടൂറിസം മേഖലയിൽ സഞ്ചാരികളുടെ വൻ തിരക്ക്.  ഇതോടെ അതിരപ്പിള്ളി ടൂറിസം മേഖലയിൽ വലിയ ഉണർവായി.  സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി സഞ്ചാരികൾ ഓണമാഘോഷിക്കാൻ എത്തിയതോടെയാണ് അതിരപ്പിള്ളി മേഖലയിൽ വലിയ തിരക്കായത്. ഓണദിനത്തിൽ മാത്രമായി പതിനായിരങ്ങളാണെത്തിയത്.  അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയുടെ കവാടമായ തുമ്പൂർമൂഴി, അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ എന്നിവിടങ്ങളിലും സഞ്ചാരികളെ ക്കൊണ്ട് നിറഞ്ഞു. സംസ്ഥാനാതിർത്തിയായ മലക്കപ്പാറയിലും സഞ്ചാരികളുടെ വലിയ  തിരക്കാണ് അനുഭവപ്പെടുന്നത്. അതിരപ്പിള്ളി മേഖലയിലെ റിസോർട്ട് ഉടമകൾക്കും ഓണസീസൺ ഗുണംചെയ്തു.  ചെറുതും വലുതുമായ 150ഓളം റിസോർട്ടുകളാണ് ഇവിടെയുള്ളത്. ഒരു മാസം മുമ്പേ റിസോർട്ടുകളിൽ ബുക്കിങ് കഴിഞ്ഞിരുന്നു. ഹോട്ടലടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾക്കും സഞ്ചാരികളുടെ വരവ് കാര്യമായ ലാഭമാണ് നല്കുന്നത്. ഈ മാസം 13 മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.  കാനന ഭംഗി, വെള്ളച്ചാട്ടം എന്നിവക്ക് പുറമെ വന്യമൃഗങ്ങളേയും കാണാമെന്നതും സഞ്ചാരികളെ ഇവിടേക്കാകർഷിക്കുന്നു.  വനപാലകരുടെ നേതൃത്വത്തിൽ സഞ്ചാരികൾക്കായി വലിയ സുരക്ഷ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. വനസംരക്ഷണ സമിതി പ്രവർത്തകരും സജീവമാണ്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മാത്രമായി 14ലക്ഷത്തോളം രൂപയാണ് അതിരപ്പിള്ളിയിൽ മാത്രം സഞ്ചാരികളിൽ നിന്നായി ലഭിച്ചത്. Read on deshabhimani.com

Related News