സ്‌പെഷ്യാലിറ്റികളുണ്ട് സ്പെഷ്യലിസ്റ്റുമുണ്ട്; ചികിത്സ പുറത്ത്
ഫറോക്ക് പ്രസവം നടക്കാത്ത ലേബർ റൂമിനോടനുബന്ധിച്ചുള്ള ഒരു തിയറ്റർ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള മൂന്ന് ഓപ്പറേഷൻ തിയറ്ററുകളുണ്ട് ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ. പക്ഷേ ഇതാന്നും പ്രയോജനപ്പെടുത്താതെ എല്ലാ ശസ്ത്രക്രിയയും സ്വകാര്യാശുപത്രികളിലേക്ക് വിടുകയാണ്. ഒമ്പത് സ്പെഷ്യാലിറ്റികൾ ചില മൈനർ ഓപ്പറേഷനുകളിൽ മാത്രമൊതുങ്ങിയിട്ടും ഇഎസ്ഐ റീജണൽ കേന്ദ്രത്തിന് കാര്യമായി ഇടപെടാനായിട്ടില്ല. മികച്ച സർജൻ ഗുരുതര രോഗബാധിതനായി ദീർഘകാലാവധിയിലുമായി. കൂടുതൽ രോഗികൾ എത്തുന്നതാണ് നെഞ്ച് രോഗ വിഭാഗം. ഇതിലും സ്പെഷ്യലിസ്റ്റ് ഡോക്ടർ ഇല്ല. ഒരു ഡോക്ടർ റഫറൽ ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് തസ്തികയിൽ ജോലിയിൽ പ്രവേശിക്കാതെ രോഗികൾ കുറഞ്ഞതും കിടത്തിച്ചികിത്സയില്ലാത്തതുമായ നഗരത്തിലെ ഡിസ്പെൻസറിയിൽ ജോലിചെയ്യുന്നതിനെതിരെ ആക്ഷേപമുണ്ട്. സ്പെഷ്യാലിറ്റികളിൽ ത്വക്ക് രോഗം, ഇഎൻടി , മാനസികാരോഗ്യം തുടങ്ങിയ വിഭാഗങ്ങളും ഇവിടെ ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എല്ലാ അപഖ്യാതികൾക്കുമിടയിൽ അഭിനന്ദമേറെ അർഹിക്കുന്ന ഒരു യൂണിറ്റുണ്ടിവിടെ. സംസ്ഥാനത്ത് ഇഎസ്ഐ റഫറൽ ആശുപത്രികളിൽ ആദ്യമായി ആരംഭിച്ച "കീമോ തെറാപ്പി യൂണിറ്റ്’. 2019 ജൂലൈ 30 ന് ഉദ്ഘാടനംചെയ്ത നാല് ബെഡ് ഉൾപ്പെടുന്ന ഈ വിഭാഗം ഇപ്പോഴും ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. അഞ്ചുവർഷത്തിനകം ഇവിടെ നാലായിരത്തോളം കീമോ തെറാപ്പിയും പൂർത്തിയാക്കി. ഇൻഷുറൻസ് പരിരക്ഷയുള്ള എല്ലാ തൊഴിലാളികൾക്കും ലഭിക്കേണ്ട ചികിത്സാനുകൂല്യം ശരിയായി ലഭിക്കുന്നില്ലെന്ന് തൊഴിലാളി സംഘടനകളും വിവിധ തെഴിൽശാലകളുടെ ഉടമസ്ഥരും ഒരേ സ്വരത്തിൽ പറയുന്നു. ഫറോക്ക് ആശുപത്രിയുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ആശുപത്രി വികസന സമിതിയോ പ്രത്യേക യോഗങ്ങളോ നടക്കുന്നില്ലെന്ന് എച്ച്ഡിസി അംഗങ്ങളും പറയുന്നു. മൂന്ന് ജില്ലകളിലെ ആയിരങ്ങൾ ആശ്രയിക്കുന്ന ഈ ആശുപത്രിയുടെ നിലവിലെ അവസ്ഥക്ക് കാതലായ മാറ്റം അനിവാര്യമാണ്. മാറ്റം വരണമെന്ന് ഭരണകർത്താക്കൾക്കും താൽപ്പര്യമുണ്ട്. നാളെ "നടപടിയുണ്ടാകും, നന്നാകും ഈ ആതുരാലയം’ Read on deshabhimani.com