റേഷന്‍കാര്‍ഡ് മഞ്ഞയായി; ടിക്കറ്റും വിറ്റുതീര്‍ന്നു
തൃശൂർ ജന്മനാ കാഴ്ചശക്തിയില്ലാത്തവരാണ് ദമ്പതികളായ ധർമനും ബിന്ദുവും. ബിപിഎല്‍ ചുവന്ന റേഷൻകാർഡ് മഞ്ഞ എവൈ കാര്‍ഡാക്കി നൽകണമെന്ന ആവശ്യവുമായാണ് ഇവർ തൃശൂർ ടൗൺഹാളിൽ നടക്കുന്ന അദാലത്തിലേക്കെത്തിയത്. വരുംമുമ്പ് ഇന്നത്തെ ലോട്ടറിവിൽപ്പന മുടങ്ങുമല്ലോ എന്നായിരുന്നു ധർമന്റെ ആശങ്ക. ‘ടിക്കറ്റെടുത്തോളൂ... അദാലത്തിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും ടിക്കറ്റ് വിൽക്കാമല്ലോ...’ എന്ന് ബിന്ദു പറഞ്ഞതോടെ ധർമൻ ബാഗിൽ ടിക്കറ്റും കരുതി. അദാലത്തിലെത്തി ഒരു മണിക്കൂറിനുള്ളിൽ ബിന്ദുവിന്റെ ചിത്രം പതിപ്പിച്ച മഞ്ഞ റേഷൻ കാർഡ് ലഭിച്ചു. ഒപ്പം വിൽപ്പനയ്ക്കായി കരുതിയ സ്ത്രീശക്തി ടിക്കറ്റുകളും വിറ്റുതീർന്നു. മഞ്ഞ റേഷൻകാർഡ് ഭദ്രമായി ബാഗിൽ വച്ച് ഇരട്ടിസന്തോഷത്തോടെയാണ് ഇരുവരും തൃശൂർ ടൗൺഹാൾ ഗേറ്റ് കടന്നത്. സ്വന്തമായൊരു വീട് വേണമെന്നാണ് മുണ്ടൂർ സ്വദേശികളായ ഇവരുടെ ആഗ്രഹം. ലൈഫ് പദ്ധതിയിലൂടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ്. അദാലത്തില്‍ 21 പേര്‍ക്ക് റേഷന്‍കാര്‍ഡ് അര്ഹവിഭാഗത്തിലേക്ക് മാറ്റി നല്‍കി. പത്തുപേര്‍ക്ക് ബിപിഎല്‍ ചുവന്ന റേഷന്‍കാര്‍ഡും 11 പേര്‍ക്ക് മഞ്ഞ എവൈ റേഷന്‍കാര്‍ഡും നല്‍കി. Read on deshabhimani.com