മാളിയേക്കൽ മേൽപ്പാലം ആഗസ്‌ത്‌ 2ന് നാടിനു സമർപ്പിക്കും

കരുനാഗപ്പള്ളി– -ശാസ്താംകോട്ട റോഡിൽ നിർമിക്കുന്ന മാളിയേക്കൽ മേൽപ്പാലം


കരുനാഗപ്പള്ളി ലെവൽക്രോസിൽ കുടുങ്ങി യാതന അനുഭവിച്ച ജനതയ്ക്ക് എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി പുതിയ മേൽപ്പാലം ആഗസ്‌ത്‌ രണ്ടിനു തുറക്കും. ശാസ്താംകോട്ട–-- കരുനാഗപ്പള്ളി റോഡിൽ മാളിയേക്കൽ ജങ്‌ഷനിൽ നിർമിക്കുന്ന റെയിൽവേ മേൽപ്പാലം വൈകിട്ട് 5.30ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എംഎൽഎയായിരുന്ന ആർ രാമചന്ദ്രന്റെ ശ്രമഫലമായാണ് പാലം യാഥാർഥ്യമായത്. കേരള റെയിൽവേ ബ്രിഡ്ജസ്‌ ഡെവലപ്മെന്റ്‌ കോർപറേഷനായിരുന്നു നിർമാണച്ചുമതല. കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് മേൽപ്പാലത്തിന് ആവശ്യമായ 33.04 കോടി രൂപ അനുവദിച്ചത്. എ എം ആരിഫ് എംപി ഇടപെട്ട് റെയിൽവേ അധികൃതരിൽനിന്ന്‌ വേഗത്തിൽ അനുമതിയും ലഭ്യമാക്കി. 2021 ജനുവരി 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു. 547മീറ്റർ നീളവും 10.2 മീറ്റർ വീതിയുമാണ് പാലത്തിന് ഉണ്ടാകുക. കേരളത്തിൽ ആദ്യമായി പൂർണമായും സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് രീതിയിൽ നിർമിക്കുന്ന 10 മേൽപ്പാലം അനുവദിച്ചതിൽ ആദ്യമായി നിർമാണം പൂർത്തിയായ പാലമാണ് മാളിയേക്കൽ റെയിൽവേ മേൽപ്പാലം. ഇതിന്റെ പൈൽ, പൈൽ ക്യാപ്പ്, ഡക്ക് സ്ലാബ് എന്നിവ കോൺക്രീറ്റ് രീതിയിലും പിയർ, പിയർ ക്യാപ്പ്, ഗാർഡറുകൾ എന്നിവ സ്റ്റീലിലുമായാണ് നിർമിച്ചിരിക്കുന്നത്. 33 സ്പാനും 51 പൈലും 13പൈൽ ക്യാപ്പും രണ്ട്‌ അബട്ട്മെന്റും പാലത്തിനുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് 11.8 കോടി രൂപയും മേൽപ്പാലം നിർമാണത്തിന് 26.58 കോടി രൂപയുമാണ് ചെലവഴിച്ചത്. പാലം യാഥാർഥ്യമായതോടെ കരുനാഗപ്പള്ളിയിൽനിന്നു ശാസ്താംകോട്ടയ്ക്കും മറ്റു ഭാഗങ്ങളിലേക്കുമുള്ള യാത്രാക്ലേശത്തിനു പരിഹാരമാകും. ഇതുകൂടാതെ മണ്ഡലത്തിൽ ചിറ്റുമൂലയിലും ഇടക്കുളങ്ങരയിലും രണ്ടു മേൽപ്പാലം കൂടി മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടുപോയിരുന്നു. എന്നാൽ, ഇവ വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള ഇടപെടലുകൾ ഇപ്പോൾ ഉണ്ടാകുന്നില്ല എന്ന വിമർശനവും ഉയരുന്നുണ്ട്. Read on deshabhimani.com

Related News