കെഎസ്‌കെടിയു സംസ്ഥാന 
സമ്മേളനത്തിന്‌ നാളെ തുടക്കം



കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്‌ കണ്ണാടിപ്പാറയിലെ കൊടക്കാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്‌ച തുടക്കമാകും. കെ കുഞ്ഞിരാമൻ നഗറിൽ മൂന്ന്‌ ദിവസമായി നടക്കുന്ന സമ്മേളനത്തിൽ 512 പ്രതിനിധികൾ  പങ്കെടുക്കും.     സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ചൊവ്വാഴ്‌ച രാവിലെ 7.30ന്  കയ്യൂർ രക്തസാക്ഷികളുടെ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌  പി കരുണാകരൻ ജാഥാലീഡർ  കെ വി കുഞ്ഞിരാമന് കൈമാറും. അത്‌ലറ്റുകൾ റിലേയായി സമ്മേളന നഗരിയിൽ എത്തിക്കും. രാവിലെ 9.30ന് സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്റ്‌ എൻ ആർ ബാലൻ പതാകയുയർത്തും.     പ്രതിനിധി സമ്മേളനം അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട്‌ രക്തസാക്ഷി സ്മാരക ഹാളിൽ രക്തസാക്ഷി സ്മൃതിസംഗമം അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ എം വി ഗോവിന്ദൻ  ഉദ്ഘാടനംചെയ്യും. 21ന് പൊതുചർച്ചയും 22ന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.     അഖിലേന്ത്യ നേതാക്കളായ  ബി വെങ്കിട്ട്, ഡോ. വിക്രം സിങ്‌, ഡോ. വി ശിവദാസൻ, ബി വെങ്കിടേശ്വരലു, ആർ വെങ്കിട്ടരാമലു, ചന്ദ്രപ്പ ഹോസ്‌കേറ, വി അമൃതലിംഗം എന്നിവരും  പങ്കെടുക്കും. വയനാട്‌ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ പ്രകടനവും പൊതുയോഗവും ഒഴിവാക്കി.     ചെറുവത്തൂരിലെയും കൊടക്കാട്ടെയും 260 വീടുകളിലാണ്‌ പ്രതിനിധികൾ മൂന്ന്‌ ദിവസം താമസിക്കുക. ഈ വീടുകളിൽ സമ്മേളനത്തിന്റെ ഓർമയ്‌ക്കായി വൃക്ഷത്തൈ നടും. താമസസൗകര്യമൊരുക്കിയതിന്‌ നന്ദിയറിയിച്ചുള്ള കത്തും പ്രതിനിധികൾ കുടുംബത്തിന്‌ കൈമാറും. Read on deshabhimani.com

Related News