നിർമാണസാമഗ്രികൾ എത്തുന്നത് അതിർത്തികടന്ന്
കൊല്ലം ദേശീയപാത 66 നിർമാണത്തിനായി തമിഴ്‌നാട്ടിൽനിന്ന് ആര്യങ്കാവ് ചെക്ക്‌പോസ്‌റ്റ് വഴി പ്രതിദിനം കേരളത്തിലെത്തുന്നത് 350മുതൽ 400വരെ ലോഡ് ചരലും മണ്ണും. ഹെവി ട്രക്ക് വാഹനങ്ങളിലാണ് ഇവ എത്തിക്കുന്നത്. എം സാന്റ്, മണ്ണ്, കല്ല്, ചരൽ എന്നിവയാണ് പ്രധാനമായും അതിർത്തി കടക്കുന്നത്. രണ്ടുവർഷം മുമ്പ് ആരംഭിച്ച മെറ്റിൽ വരവ് ആറുമാസം മുമ്പ് വർധിച്ചു. ജില്ലയിൽ ക്വാറികൾ അടഞ്ഞുകിടക്കുന്നതാണ് ഇതിനിടയാക്കിയത്. നിർമാണസാമഗ്രികളുടെ ഇറക്കുമതിക്ക് നിയമതടസ്സമില്ലെന്നത് സ്വകാര്യാവശ്യങ്ങൾ യഥേഷ്‌ടം നിറവേറ്റുന്നതിനും ഇടയാക്കുന്നു. കൊള്ളലാഭം കൊയ്യുന്ന വൻബിസിനസായും മണ്ണ് ഇറക്കുമതി ഇതിനിടയിൽ മാറി. ഹെവി ട്രക്കുകളിൽനിന്ന് ചെറിയ വണ്ടികളിലേക്ക് തമിഴ്‌നാട്ടിലെ തെങ്കാശി, ചെങ്കോട്ട, ആലംകുളം, കടയം, സുറണ്ട, രാജപാളയം, ശങ്കരൻകോവിൽ, ശ്രീവല്ലിപൂത്തുർ, വിരുതനഗർ, വാസവനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് നിർമാണസാമഗ്രികൾ കൂടുതലായും എത്തുന്നത്. പ്രധാന നിർമാണകമ്പനികളുടെ പേരിലാണ് വാഹനങ്ങൾ. 10ടൺ, 16ടൺ, 21ടൺ ഭാരം എന്നിങ്ങനെ വ്യത്യസ്ത അളവിൽ ഭാരം കയറ്റുന്ന ആറുവീൽ മുതൽ 16വീൽ വരെയുള്ള വാഹനങ്ങളുണ്ട്. ചരലിറക്കുന്ന ടോറസും ട്രയിലറും രൂപമാറ്റം വരുത്തിയും ഇത്തരം ആവശ്യത്തിനുപയോഗിക്കുന്നു. തമിഴ്‌നാട്ടിലെ പുളിയറ ചെക്ക്‌പോസ്റ്റ്, ആര്യങ്കാവ് ചെക്ക്‌പോസ്റ്റ് എന്നിവയ്‌ക്കിപ്പുറം ദേശീയപാതയ്‌ക്ക് സമീപത്തായി യാർഡുകളുണ്ട്. അമിതഭാരം കയറ്റിവരുന്ന വാഹനങ്ങൾ ആദ്യം ഇവിടെ എത്തിക്കും. ഹെവി ട്രക്കുകളിൽനിന്ന് ചെറിയ വാഹനങ്ങളിലേക്ക് ചരലും മണ്ണും മാറ്റുന്നത് ഇവിടെവച്ചാണ്. മണ്ണിന് ജിഎസ്‌ടി ഇല്ലാത്തതിനാൽ ജിഎസ്‌ടി വകുപ്പ് വാഹനപരിശോധന നടത്താറില്ല. കൊല്ലം ജില്ലയിലെ ഓച്ചിറ മുതൽ കടമ്പാട്ടുകോണംവരെയുള്ള ദേശീയപാത നിർമാണത്തിന് തമിഴ്‌നാട്ടിൽനിന്നുള്ള സാമഗ്രികൾ ഉപയോഗിക്കുന്നുണ്ട്. ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ പ്രവൃത്തികൾക്കും ഈവിധം മണ്ണ് ഉൾപ്പെടെ എത്തിക്കുന്നു. വിഴിഞ്ഞം തുറമുഖ നിർമാണത്തിനും ആയിരക്കണക്കിന് ലോഡ് പാറ ആര്യങ്കാവ് ചെക്ക്‌പോസ്‌റ്റ് വഴിയാണ് എത്തിച്ചിരുന്നത്. അമിതവേഗത്തിലും മുകൾഭാഗം ശരിയായ വിധത്തിൽ മൂടാതെയും വാഹനങ്ങൾ എത്തുന്നതിൽ വ്യപകപരാതി ഉയർന്നിരുന്നു. രാപ്പകൽ വ്യത്യാസമില്ലാതെയുള്ള ട്രക്കുകളുടെ വരവ് കൊല്ലം –- ചെങ്കോട്ട പാതയിൽ തുടർച്ചയായ ഗതാഗതക്കുരുക്കിനും ഇടയാക്കി. ഇതേത്തുടർന്ന് കലക്‌ടർ ഇടപെട്ട് മോട്ടോർ വാഹനവകുപ്പ് നിരീക്ഷണം ശക്തമാക്കി. ഇപ്പോൾ രാവിലെയും വൈകിട്ടുമായി ഒരു മണിക്കൂർ വീതം സ്‌കൂൾ സമയത്ത് ട്രയിലറുകൾക്ക് നിരോധനമുണ്ട്. Read on deshabhimani.com