ശ്വാസം നിലച്ച്‌ ശാരദയും ഇന്ദിരയും

തോട്ടത്തിൽ തളർന്നിരിക്കുന്ന ശാരദയും ഇന്ദിരയും


വാകേരി കടുവയുടെ ആക്രമണത്തിൽനിന്ന്‌ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ട ശാരദക്കും ഇന്ദിരയ്‌ക്കും ഏറെനേരം മിണ്ടാനായില്ല.  മണിക്കൂറുകൾ കഴിഞ്ഞിട്ടും ഭയം വിട്ടൊഴിഞ്ഞില്ല.  കണ്ണുകളിൽ ഇരുട്ടുകയറി ഇരുവരും തോട്ടത്തിൽ മിണ്ടാനാകാതെ തളർന്നിരുന്നു.  തൊണ്ടവറ്റി ശരീരം വിറങ്ങലിച്ച ഇവർ ഏറെ സമയമെടുത്താണ്‌ സംസാരിച്ചത്‌. ‘ഒരിക്കലും കടുവയെ പ്രതീക്ഷിച്ചിരുന്നില്ല. മുരൾച്ചകേട്ടപ്പോൾ  നായയാണെന്നാണ്‌ കരുതിയത്‌. ശ്രദ്ധിക്കുമ്പോഴേക്കും കടുവ മുമ്പിലേക്ക്‌ ചാടിവന്നു. എങ്ങനെ ജീവൻ കിട്ടിയെന്ന്‌ അറിയില്ല’–-വിറയാർന്ന ശബ്ദത്തിൽ ശാരദ പറഞ്ഞു. ഇന്ദിര, ശാരദയുടെ ദേഹത്തേക്ക്‌ തളർന്നുവീണു.  സാധാരണ തൊഴിലാളികൾ ഒന്നിച്ചാണ്‌ തോട്ടത്തിലേക്ക് പോകുക. തിങ്കളാഴ്‌ച കുറച്ചുനേരത്തെ ഇരുവരും  തോട്ടത്തിലേക്ക് പോകുകയായിരുന്നു. ഏലത്തിന് മരുന്നടിക്കാൻ ഹോസ്‌ വലിച്ച്‌ പോകുമ്പോഴായിരുന്നു ആക്രമണം.  ഉറക്കെയുള്ള നിലവിളികേട്ട്‌  കടുവ മാറിപ്പോയതിനാലാണ്‌ ജീവൻ തിരിച്ചുകിട്ടിയതെയെന്നും ഇവർ പറഞ്ഞു. മറ്റുള്ളവർ ഓടിയെത്തിയപ്പോൾ ഇവർ തളർന്നുകിടക്കുകയായിരുന്നു. അമ്പതോളം തൊഴിലാളികളാണ്‌  ഏദൻവാലി എസ്റ്റേറ്റിൽ  പണിയെടുക്കുന്നത്‌. ഇനിയും കടുവ എത്തുമോയെന്ന ഭീതിയിലാണിവർ. Read on deshabhimani.com

Related News