കായികാധ്യാപികയുടെ ആത്മഹത്യ ഭർത്താവിന് 7 വർഷവും അമ്മയ്‌ക്ക് 5 വർഷവും കഠിന തടവ്
കാസർകോട് ദേശീയ കബഡി താരവും കായികാധ്യാപികയുമായ ബേഡകം ചേരിപ്പാടിയിലെ പ്രീതി (27) ഗാർഹിക പീഡനം കാരണം ആത്മഹത്യചെയ്‌ത സംഭവത്തിൽ ഭർത്താവിന് ഏഴുവർഷവും ഭർത്താവിന്റെ അമ്മയ്‌ക്ക് അഞ്ചുവർഷവും കഠിന തടവും ഇരുവർക്കും ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഇരുവരും ആറുമാസംകൂടി തടവ് അനുഭവിക്കണം. ഒന്നാംപ്രതി പ്രീതിയുടെ ഭർത്താവ് വെസ്‌റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്‌ണ (38), മൂന്നാംപ്രതി ഭർത്താവിന്റെ അമ്മ ശ്രീലത (59) എന്നിവരെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കാസർകോട് അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്‌ജ് എ മനോജ് ശിക്ഷിച്ചത്. രാകേഷ് കൃഷ്‌ണയുടെ അച്ഛൻ ടി കെ രമേശൻ കേസിൽ രണ്ടാംപ്രതിയാണ്. വിചാരണക്കിടയിൽ ഇയാൾ മരിച്ചു. സ്‌ത്രീധന നിരോധന നിയമപ്രകാരം രണ്ടുപേർക്കും രണ്ടു വർഷം കഠിന തടവും ഒരു ലക്ഷം വീതം പിഴയും വേറെയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതികളിൽനിന്ന് ഈടാക്കിയ പിഴത്തുക പ്രീതിയുടെ മകൾക്ക് കൈമാറണം. ഇതോടൊപ്പം അർഹമായ നഷ്ടപരിഹാരം തീരുമാനിച്ച് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. 2017 ആഗസ്‌ത് 18നാണ് ആരുമില്ലാത്ത സമയം വീട്ടിലെ ഹാളിലെ സ്റ്റെയർകെയ്‌സിന്റെ കൈവരിയിൽ ചൂരിദാർ ഷാളിൽ പ്രീതി കെട്ടിത്തൂങ്ങി ആത്മഹത്യചെയ്തത്. സ്‌ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചതാണ് ജീവനൊടുക്കാൻ ഇടയാക്കിയത്. ഇക്കാര്യങ്ങളെല്ലാം പ്രീതി എഴുതിവച്ചത് നിർണായക തെളിവായി. ബേഡകം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് എസ്‌ഐയായിരുന്ന എ ദാമോദരനാണ് അന്വേഷിച്ചത്. കാസർകോട് ഡിവൈഎസ്‌പിയായിരുന്ന എം വി സുകുമാരൻ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷനും ആതിര ബാലനും ഹാജരായി. ബള്ളൂർ ഹയർസെക്കൻഡറി സ്‌കൂൾ കായികാധ്യാപികയായിരുന്ന പ്രീതി നിരവധി ദേശീയ മത്സരങ്ങളിൽ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. സ്‌ത്രീകളെ ദ്രോഹിക്കുന്നവർക്കെതിരായ വിധി കാസർകോട് കോടതി വിധിയിൽ പൂർണമായും തൃപ്തയാണെന്നും എത്ര കടമ്പ കടന്നാലും സത്യം ജയിക്കുമെന്നും ഗാർഹിക പീഡനം സഹിക്കാനാവാതെ ജീവനൊടുക്കിയ ബേഡകം ചേരിപ്പാടിയിലെ പ്രീതിയുടെ അമ്മ അനിത പറഞ്ഞു. വിധി കേൾക്കാൻ ഇവർ കോടതിയിൽ എത്തിയിരുന്നു. വിവാഹശേഷം പ്രീതിയെയും ഞങ്ങളുടെ കുടുംബത്തെയും അവർ ഒരുപാട് ദ്രോഹിച്ചു. അതിനെല്ലാമുള്ള മറുപടിയാണ് കോടതി വിധി. പ്രീതിയെപ്പോലെ സ്ത്രീധനത്തിന്റെ പേരിൽ ദുരനുഭവം നേരിടുന്ന പെൺകുട്ടികൾ നിരവധിയുണ്ടാവാം. അവർക്കെല്ലാം ഈ കോടതി വിധി ധൈര്യം നൽകും. സ്ത്രീകളെ ദ്രോഹിക്കുന്നവർക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും അനിത പറഞ്ഞു. പ്രീതിയുടെ മകൾ നാലാം ക്ലാസുകാരി അങ്കിത ഇപ്പോൾ അനിതയ്‌ക്കൊപ്പം ചേരിപ്പാടിയിലെ വീട്ടിലാണ്. Read on deshabhimani.com